Wednesday 27 May 2020

ഒരു സൂം അപാരത : എറിക് യുവാൻ- Fr. സാബു തോമസ്



 
 


സീൻ 1 : ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിൻ



ചൈനയിലെ രണ്ടു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ട്രെയിനിൽ ഏതാണ്ട് 18 വയസ്സു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ പുറത്തേക്കുനോക്കി എന്തോ ചിന്തയിൽ മുഴുകിയിരിക്കുകയാണ്. മിക്കവാറും ആഴ്ചയവസാനങ്ങളിൽ അയാളെ ട്രെയിനിൽ കാണാം. ഏതാണ്ട് പത്തുമണിക്കൂറോളം വരുന്ന യാത്രയുണ്ടത്. എങ്കിലും അയാൾ പതിവു തെറ്റിക്കാറില്ല. മറ്റൊരു കോളേജിൽ പഠിക്കുന്ന തന്റെ കാമുകിയെ നേരിട്ടു കാണാനും കുറച്ചു സമയം സംസാരിക്കാനുമാണീ യാത്ര . ഒരു ദിവസം യാത്രയ്ക്കിടെ ആരോടെന്നില്ലാതെ അയാൾ ഇങ്ങനെ പറഞ്ഞു: "അകലെയുള്ള ഒരാളെ കണ്ടു കൊണ്ട് സംസാരിക്കാവുന്ന ഒരു സംവിധാനം കണ്ടുപിടിച്ചിരുന്നെങ്കിൽ ദീർഘദൂര യാത്ര ഒഴിവാക്കാമായിരുന്നു. " മൊബൈൽ ഫോണുകൾ പോലും നിലവിൽ വന്നിട്ടില്ലായിരുന്ന കാലത്ത് അയാൾ കണ്ട സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ അവർ ആർത്തുചിരിച്ചേനെ . അതുകൊണ്ടാവണം താൻ കണ്ട സ്വപ്നം എറിക് യുവാൻ എന്ന ചെറുപ്പക്കാരൻ തന്റെ മനസ്സിൽത്തന്നെ സൂക്ഷിച്ചു.

സീൻ 2:
രണ്ടു വർഷങ്ങൾക്കു ശേഷം ചൈനയിലെ ഒരു വീട്ടിലെ സ്വീകരണ മുറി


മൈക്രോ സോഫ്റ്റ് കമ്പനിയുടമയായ ബിൽ ഗേറ്റ്സിന്റെ  പ്രഭാഷണം ഒരു ചൈനീസ് ടി.വി.ചാനൽ സംപ്രേഷണം ചെയ്യുകയാണ്. അദ്ദേഹം അമേരിക്കയിലെ സിലിക്കൺവാലിയെക്കുറിച്ചും ഇന്റർ നെറ്റിന്റെ സാദ്ധ്യതകളെക്കുറിച്ചും സംസാരിക്കുകയാണ്. നമ്മൾ മുൻപ് ട്രെയിനിൽ കണ്ട അതേ ചെറുപ്പക്കാരൻ സ്ക്രീനിലേക്ക് കണ്ണും കാതും അർപ്പിച്ച് ശ്രദ്ധാപൂർവ്വം ഇരിക്കുകയാണ്. ചില തീരുമാനങ്ങൾ മുഖത്ത് മിന്നിമറയുന്നതു കാണാം.

സീൻ 3 :
ചൈനയിലെ ഒരു  അമേരിക്കൻ എംബസി


അകത്തു നിന്നും വിഷാദം നിറഞ്ഞ മുഖത്തോടെ ഒരാൾ ഇറങ്ങി വരുന്നു. അമേരിക്കൻ വിസയ്ക്കു വേണ്ടിയുള്ള അയാളുടെ അപേക്ഷ എട്ടാം തവണയും നിഷേധിക്കപ്പെട്ടിരിക്കയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി അതിനു വേണ്ടി അലച്ചിൽ തുടങ്ങിയിട്ട്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ പണ്ടേ മനസ്സുമടുത്ത് ശ്രമം ഉപേക്ഷിച്ചേനെ . എന്നാൽ, സിലിക്കൺ വാലിയിലെത്തുക എന്ന സ്വപ്നം നാളുകകളായി നെഞ്ചേറ്റിയ എറിക്ക് തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു. " ഞാൻ ഇനിയും വിസയ്ക്ക് അപേക്ഷിക്കും " ... വീട്ടിലേക്കു മടങ്ങുന്നതിനിടെ അയാൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു.

സീൻ 4: കാലിഫോർണിയായിലെ സിലിക്കൺവാലി


ലോകത്തിന്റെ ടി ഹബ്ബ് ആയ സിലിക്കൺ വാലിയുടെ ഒരു തെരുവിൽ ആൾ തിരക്കിനിടയിലൂടെ അയാൾ നടന്നു വരുന്നതു കാണാം. ഒരു തൊഴിൽ അന്വേഷിച്ച് അലഞ്ഞുതിരിയിയുകയാണ്. ഒൻപതാം തവണ വിസ അംഗീകരിച്ചു കിട്ടി തന്റെ സ്വപ്ന ഭൂമിയിലെത്തിയതിന്റെ സന്തോഷം മുഖത്തുണ്ടെങ്കിലും ഒരു ജോലി കണ്ടെത്തേണ്ടതിന്റെ ആശങ്കയും മുഖത്ത് മിന്നിമറയുന്നുണ്ട്.

സീൻ 5:
വെബെക്സ് എന്ന ടി കമ്പനി


" എറിക് യുവാൻ " എന്ന ഐഡന്റി കാർഡ് ധരിച്ച സുമുഖനായ ഒരു ചൈനീസ് യുവാവിനെ കാണാം. എല്ലാവർക്കും അയാളെക്കുറിച്ച് നല്ല മതിപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ ജോലിയിൽ കയറിയിട്ട്. ചെയ്യുന്ന ജോലിയോടുള്ള അർപ്പണബോധവും ആത്മാർത്ഥതയും നിമിത്തം വളരെ വേഗം സ്ഥാനക്കയറ്റങ്ങൾ കിട്ടി. എന്നാൽ വെബെക്സിനെ സിസ്കോ എന്ന ഒരു കമ്പനി ഏറ്റെടുക്കാൻ പോകുന്നു എന്ന വാർത്തയറിഞ്ഞതിൽ പിന്നെ അയാൾ വളരെ ചിന്താമഗ്നനാണ്. സിസ്കോ ഒരു വീഡിയോ കോൺഫറൻസ് സോഫ്റ്റ് വെയർ കമ്പനിയാണ്. എന്നാൽ കമ്പനിയുടെ സർവ്വീസുകളിൽ കസ്റ്റമേഴ്സ് സംതൃപ്തരല്ല എന്ന് എറിക് യുവാൻ മനസ്സിലാക്കിയിരുന്നു. കമ്പനിയിലേക്ക് ചേക്കേറാൻ എന്തുകൊണ്ടോ മനസ്സു വരുന്നില്ല അദ്ദേഹത്തിന്. താൻ 18 - മത്തെ വയസ്സിൽ ട്രെയിനിൽ വച്ചുകണ്ട സ്വപ്നം സാക്ഷാത്കരിക്കാൻ സമയമായെന്ന് മനസ്സു പറയുന്നതായി ശക്തമായി തോന്നിയ ഒരു ദിവസം അയാൾ രണ്ടും കല്പിച്ച് തന്റെ രാജിക്കത്ത് കമ്പനിക്കു കൈമാറി. മണ്ടത്തരം എന്ന് പറഞ്ഞു പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഭാര്യ പോലും എറിക്ക് ചെയ്യുന്നത് വിഡ്ഢിത്തമാണെന്നു കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരമൊരു തീരുമാനമില്ലാതെ തനിക്ക് മുന്നോട്ട് വളർച്ചയില്ലെന്നു തന്നെയായിരുന്നു എറിക്കിന്റെ നിലപാട്.


സീൻ 6:
സൂം എന്ന് ബോർഡു വച്ച ഒരു കെട്ടിടം


2011 ലാണതുണ്ടായത്. തന്റെ സമാന ചിന്താഗതിക്കാരായ നാല്പതു സുഹൃത്തുക്കളെ കൂട്ടു ചേർത്ത് സിലിക്കൺവാലിയിൽ എറിക്  " സൂം" എന്നു പേരിട്ട ഒരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചു. 2012 സൂം വീഡിയോ കോൺഫറൻസിങ്ങ് ആപ്പ് അവതരിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്തുള്ള ആളുകൾക്ക് നേരിട്ടു കണ്ടു സംസാരിക്കാവുന്ന വീഡിയോ കോൾ സംവിധാനമായിരുന്നു അത്. എന്നാൽ, സമാനമായ സൗകര്യങ്ങളൊരുക്കുന്ന
സ്കൈപ്പ്ഗൂഗിൾ തുടങ്ങിയ കമ്പനികളോട്  പിടിച്ചു നിൽക്കുക വളരെ ശ്രമകരമായിരുന്നു. എന്നാൽ, എറിക് യുവാൻ പ്രതീക്ഷ കൈവിടാൻ തയ്യാറല്ലായിരുന്നു. ഓരോ ഫീച്ചറുകൾ മാറി മാറി പരീക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

സീൻ 7
കൊറോണക്കാലം


2020 മാർച്ച് മാസമായപ്പോഴേക്കും ലോകം ഇതിനു മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി നേരിട്ടു തുടങ്ങി. കോവിഡ് 19 മഹാമാരി മൂലം ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനാൽ ആളുകൾ വീടിനുള്ളിലടക്കപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങളും  കമ്പനികളും ഓഫീസുകളും പ്രവർത്തനം നിലച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് മാറാൻ പലരും നിർബന്ധിക്കപ്പെട്ടു. യൂണിവേഴ്സിറ്റികളും കോളേജുകളും ഓൺലൈൻ പഠനത്തിലേക്ക് ചുവടു മാറേണ്ടിവന്നു. സമയത്ത് കൂടുതൽ ആളുകൾക്ക് ഒരുമിച്ച് പങ്കെടുക്കാവുന്ന വീഡിയോ ആപ്പുകൾക്ക് ജനപ്രീതിയേറി. ഇത് സൂമിന് മാർക്കറ്റ് കയ്യടക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമായി എറിക്ക് യുവാൻ കണ്ടു. സൂം ധാരാളം ഓഫറുകൾ ഏർപ്പെടുത്തി. ഫീച്ചറുകൾ വളരെ യൂസർ ഫ്രണ്ട്ലിയാക്കി. ആർക്കും വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും മീറ്റിങ്ങുകൾ നിശ്ചയിക്കാനും വിധം എല്ലാം ലളിതമാക്കി. ഒരേ സമയം നൂറു പേർക്കു വരെ പങ്കെടുക്കാവുന്ന വിധത്തിലുള്ള പ്ളാറ്റ്ഫോമിലേക്കു മാറി. ആദ്യത്തെ നാല്പതു മിനിറ്റ് കോൾ ഫ്രീയാക്കി. ഗൂഗിൾ മീറ്റ്, വാട്ട്സ് ആപ്പ്, സ്കൈപ്പ്, ഫേസ് ബുക്ക് മെസ്സഞ്ചർ തുടങ്ങിയ ആപ്പുകൾ ഉണർന്നു വന്നപ്പോഴേക്കും സൂം രംഗം കയ്യടക്കി കഴിഞ്ഞിരുന്നു..

കൊറോണക്കാലത്ത് ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചു തുടങ്ങിയ ആപ്പായി സൂം മാറി. എറിക് ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് ഉയർത്തപ്പെട്ടു. ലോക് ഡൗൺ നാളുകളിൽ ഏറ്റവും അധികം ജനോപകാരപ്രദമായ ഒരു കമ്യൂണിക്കേഷൻ സംവിധാനമായി സൂം മാറി. ഗവൺമെന്റുകളും കമ്പനികളും കൊറോണാ പ്രതിരോധ പ്രവർത്തകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സൂം ഉപയോഗിച്ചു തുടങ്ങി. ക്ലാസ്സ്മേറ്റുകൾ ബാച്ച് ഗാതറിങ്ങുകൾ കൂടി. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ സൂം മീറ്റിങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. ഒറ്റപ്പെട്ടു പോയ പലർക്കും വിരസതയും ഏകാന്തതയും മറികടക്കാൻ സൂം സഹായകമായി. അങ്ങനെ എൺപതുകളുടെ അവസാനത്തിൽ തന്റെ കാമുകിക്കു വേണ്ടി ഒരു കൗമാരക്കാരൻ കണ്ട വിചിത്ര സ്വപ്നം ലോകത്തിന് പ്രതിസന്ധി ഘട്ടത്തിൽ ഏറെ തുണയായി . എറിക് ട്രെയിനിലിരുന്നു കണ്ട സ്വപ്നം ഒരു നിയോഗമായി പരിണമിക്കുകയായിരുന്നു.

എറിക്കിനിപ്പോൾ 49 വയസ്സായി. എട്ടു തവണ തനിക്ക് വിസ നിഷേധിച്ച രാജ്യത്തെ ഏറ്റവും ആസ്തിയുള്ള ബിസിനസ്സ് ഭീമനായി അദ്ദേഹം മാറിക്കഴിഞ്ഞു. അതിലുപരി ഇന്ന്, എറിക് യുവാൻ ലോകത്തിന് നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും നിതാന്ത പരിശ്രമത്തിന്റെയും പ്രതീകമാണ്. മനസ്സുമടുക്കാതെ സ്വപ്നങ്ങളെ പിൻ ചെന്നാൽ ഒരു നാൾ നിശ്ചയമായും പലരിലൂടെയും പലതിലൂടെയും അവ നമ്മളെ തേടിയെത്തുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ.ജോസഫ് കുമ്പുക്കൽ
( സാബു തോമസ്)
SH College Thevara