ഒരു വാട്ട്സ് ആപ്പ് വിജയ ഗാഥ: ഫാ. ജോസഫ് കുമ്പുക്കൽ
"ആളുകൾക്ക് മെസ്സേജ് അയക്കാൻ ഫോണിൽ SMS ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസ്സേജിങ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വെറുതെയെന്തിന് സമയം പാഴാക്കണം" ? നാളുകൾ ചിന്തിച്ച് മെനക്കെട്ടിരുന്നു തയ്യാറാക്കിയെടുത്ത തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജാക്ക് പൈഫർ എന്ന സുഹൃത്തിന്റെ സഹായം തേടിയപ്പോൾ ആ ചെറുപ്പക്കാരന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. 2009 ലാണ് ഈ സംഭാഷണം നടക്കുന്നത്. ജാക്ക് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തിയതിൽ അത്ഭുതമില്ല. കാരണം അപ്പോഴേക്കും മിക്കവാറും എല്ലാ മൊബൈൽ കമ്പനികളും SMS മെസ്സേജുകൾ സൗജന്യമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഫോണിൽ മെസ്സേജുകൾ കൈമാറാൻ മറ്റൊരു ആപ്പ് ആർക്കും തന്നെ വേണ്ടി വരില്ല. എന്നാൽ, പിന്മാറാൻ ജാൻ കോവും എന്നു പേരുള്ള ആ മനുഷ്യന്റെ നിശ്ചയ ദാർഢ്യം അനുവദിച്ചില്ല. കാരണം, ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ അയാൾക്ക് മുന്നിൽ വേറെ വഴികളില്ലായിരുന്നു. അങ്ങനെയാണ് ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ വാട്ട്സ് ആപ്പിന്റെ ചരിത്രം ജാൻ കോവും എന്ന മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന ജീവിതകഥ കൂടിയായി മാറിയത്.
ജീവിത രേഖ
1976 ൽ സോവിയറ്റ് അധിനിവേശ രാജ്യമായിരുന്ന ഉക്രൈനിലെ കീവ് എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാമ്പത്തികമായി വളരെ കഷ്ടപ്പെടുന്ന ഒരു യഹൂദ കുടുംബത്തിലെ ഏകമകനായിരുന്നു ജാൻ. യഹൂദരായിരുന്നതിനാൽ അക്കാലത്തെ സോവിയറ്റ് ഭരണാധികാരികളിൽ നിന്ന് തിക്താനുഭവങ്ങൾ ഏറെ ഏറ്റു വാങ്ങേണ്ടി വന്നു ആ കുടുംബം. വീട്ടിൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് ഭരണകൂടം യഹൂദരുടെ ഫോൺ ചോർത്തുന്നതായിരുന്നു കാരണം. ഇലക്ട്രിസിറ്റി എത്താത്ത ആ കുഗ്രാമത്തിൽ ശൈത്യകാലത്ത് ജീവിതം ദുസ്സഹമായിരുന്നു. സാമ്പത്തിക ക്ലേശങ്ങളാലും കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ നിരന്തര ദ്രോഹങ്ങളാലും മനസ്സ് മടുത്ത് കുടുംബം നാടുവിടാനുറച്ചു. 1992 ൽ പതിനാറാം വയസ്സിൽ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ജാൻ അമേരിക്കയിലേക്ക് കുടിയേറി. താൻ പിന്നീട് പിന്നാലെയെത്തിക്കൊള്ളാം എന്ന് പിതാവ് ഉറപ്പു കൊടുത്തിരുന്നെങ്കിലും നാളുകൾക്കുള്ളിൽ വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നു.
അമേരിക്കയിൽ
സാൻഫ്രാൻസിസ്ക്കോയിൽ രണ്ടു കൊച്ചു മുറികൾ മാത്രമുള്ള ഒരു അപ്പാർട്ട്മെന്റിൽ ചില ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തിൽ ആ കുടുംബം കഴിഞ്ഞു പോന്നു.
അമ്മ അടുത്തുള്ള വീടുകളിൽ കുട്ടികൾക്ക് കൂട്ടിരിക്കാൻ പോകും. ജാൻ വീടിനടുത്തുള്ള പലചരക്കുകടയിൽ തൂപ്പുകാരനായി ജോലി നോക്കി കുറച്ചു പണമുണ്ടാക്കി വീട്ടു വാടക നൽകാൻ അമ്മയെ സഹായിക്കും. അങ്ങനെ ഒരുവിധം ജീവിതം കരുപ്പിടിപ്പിച്ചു വരവേ വിധി വീണ്ടും വിളയാട്ടം തുടങ്ങി. അമ്മയ്ക്ക് കാൻസർ രോഗം പിടിപെട്ടു. രോഗിയായ അമ്മയെ ചകിത്സിക്കാൻ ജാൻ തന്റെ സമയം മുഴുവൻ നീക്കി വച്ചെങ്കിലും അമ്മ താമസിയാതെ മരണത്തിനു കീഴടങ്ങി. മുത്തശ്ശിയും മരണപ്പെട്ടു. ജാൻ ജീവിതത്തിൽ തനിച്ചായി. ഇനി മുന്നോട്ട് പോകണമെങ്കിൽ എന്തെങ്കിലും മെച്ചമായ ജോലി കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, സ്‌കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരാൾക്ക് എവിടെ ജോലി ലഭിക്കാനാണ്! ഇംഗ്ളീഷ് ഭാഷയും തപ്പിത്തടഞ്ഞു പറയാനേ വശമുള്ളു.
ആദ്യ ജോലി
തുടർ വിദ്യാഭ്യാസത്തിനു പണമില്ലാത്തതിനാൽ ജാൻ കണ്ടെത്തിയ വഴി ഇതാണ്. ഉപയോഗിച്ച പുസ്തകങ്ങൾ വിൽക്കുന്ന ഒരു കടയിൽ ചെന്ന് കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ കടമായി വാങ്ങിക്കൊണ്ടു വന്ന് നോട്ടെഴുതിയെടുത്ത് പഠിച്ച ശേഷം തിരികെ കൊടുക്കും. അങ്ങനെ നാളുകളിലെ ശ്രമഫലമായി ഒരധ്യാപകന്റെയും സഹായമില്ലാതെതന്നെ ജാൻ കമ്പ്യൂട്ടർ നെറ്റ് വർക്കിങ് മേഖലയിൽ അഗാധമായ അറിവ് നേടി. ഇനി ജോലി സംഘടിപ്പിക്കണം. എന്നാൽ, ഒരു സർട്ടിഫിക്കറ്റ് പോലും തെളിവായി കാണിക്കാനില്ലാതെ ആര് ജോലി നൽകാനാണ്. പല വാതിലുകളിൽ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
അങ്ങനെയിരിക്കെയാണ് വൂവൂ എന്ന് പേരുള്ള ഒരു ഹാക്കിങ് ഏജൻസിയിൽ നിന്നും വിളി വന്നത്. ചില പ്രായോഗിക പരീക്ഷണങ്ങളിലൂടെ അവർ ജാനിന്റെ സിദ്ധി തിരിച്ചറിഞ്ഞിരുന്നു. ചെറിയ വരുമാനമുള്ള ഒരു ജോലി കരഗതമായി. എന്നാൽ, അത് കൊണ്ട് തൃപ്തിപ്പെടാൻ ജാൻ കോവും തയ്യാറായിരുന്നില്ല.
യാഹൂ കമ്പനിയിൽ
അക്കാലത്ത് പ്രശസ്തിയിലേക്കുയർന്നിരുന്ന യാഹൂ കമ്പനിയുടെ ജോലിക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഒരുനാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. സ്‌ഥിരോത്സാഹിയെ ഭാഗ്യം തുണയ്ക്കുമല്ലോ. ജാനിന് യാഹൂവിൽ ഇൻഫ്രാ സ്ട്രക്ച്ചർ എൻജിനീയറായി ജോലി ലഭിച്ചു. സാൻജോസ് യൂണിവേഴ്‌സിറ്റിയിൽ ഒരു കോഴ്‌സിന് ചേർന്നെങ്കിലും ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രായാസമനുഭവപ്പെട്ടതിനാൽ പഠനം നിർത്തി. യാഹൂവിൽ വച്ചാണ് തുടർന്നങ്ങോട്ട് തന്റെ എല്ലാ സംരംഭങ്ങളിലും സന്തത സഹചാരിയായി മാറിയ ബ്രയാൻ ആക്റ്റൻ എന്ന അമേരിക്കക്കാരനെ ജാൻ കോവും കണ്ടു മുട്ടുന്നത്. ജീവിതത്തിൽ ഒറ്റയായിപ്പോയ ജാനിന് ബ്രയാൻ ഉറ്റ സുഹൃത്തായി മാറി. ഒൻപത് വർഷത്തോളം രണ്ടു പേരും യാഹൂ കമ്പനിക്കു വേണ്ടി ജോലി ചെയ്തു. ആ കാലയളവിൽ കമ്പ്യൂട്ടർ നെറ്റ് വർക്കിങ്ങുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം വളരെ ആഴത്തിൽ ജാൻ സ്വന്തമാക്കി. എന്നാൽ, ഒൻപത് വർഷത്തിൽ കൂടുതൽ ഒരേ കമ്പനിയിൽ ജീവിതം തളച്ചിടാൻ രണ്ടുപേർക്കും മനസ്സ് വന്നില്ല. ജോലി രാജിവച്ച് ഒരു വർഷക്കാലം ഒരുമിച്ച് സൗത്ത് അമേരിക്ക മുഴുവൻ ചുറ്റിക്കറങ്ങി.
ഒരു വർഷം കൊണ്ട് കയ്യിലിരുന്ന സമ്പാദ്യം മുഴുവൻ ചിലവിട്ടു തീർന്നപ്പോൾ ഇനിയെന്ത് ചെയ്യുമെന്നായി. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട സ്റ്റാർട്ട് അപ്പ് ആയി വളർന്നു കഴിഞ്ഞ ഫേസ് ബുക്കിൽ ജോലിക്കു ശ്രമിച്ചെങ്കിലും രണ്ടു പേരുടെയും അപേക്ഷകൾ നിരസിക്കപ്പെട്ടു.
വാട്ട്സ് ആപ്പിന്റെ ജനനം
നിരാശനായി തൊഴിലന്വേഷിച്ചു ചുറ്റിനടക്കുന്ന ആ നാളുകളിലാണ് പുതുതായി വാങ്ങിയ ആപ്പിൾ ഫോണിലെ ആപ്പ് സ്റ്റോർ എന്ന ഫീച്ചർ ജാനിന്റെ ശ്രദ്ധയിൽ പെട്ടത്. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒരു പുതിയ ആപ്ലിക്കേഷൻ കണ്ടെത്തിയാലോ എന്ന ചിന്തയിലായി തുടർന്നുള്ള നാളുകൾ. എന്നാൽ ഒരു ആശയവും മനസ്സിൽ തെളിയുന്നില്ല. നിരാശനായിരിക്കെ ഒരു ദിവസം ഒരു റഷ്യൻ സുഹൃത്തിന്റെ വീട്ടിൽ ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ ജാൻ അയാളോട് പെട്ടന്ന് മനസ്സിൽ തോന്നിയ ഒരു ചിന്ത പങ്കു വച്ചു: "ഓരോരുത്തരുടെയും ഫോൺ നമ്പറിനോട് ചേർന്ന് അവർ ഇപ്പോൾ എന്ത് ചെയ്യുകയാണ് എന്ന് സ്റ്റാറ്റസ് ഇടുന്ന ഒരു സംവിധാനമുണ്ടെങ്കിൽ നല്ലതല്ലേ? ഇപ്പോൾ ഫ്രീയല്ല, ബാറ്ററി കുറവാണ്, ഡ്രൈവ് ചെയ്യുകയാണ്, എന്നൊക്കെ സ്റ്റാറ്റസ് ഇടുകയാണെങ്കിൽ സുഹൃത്തുക്കൾക്ക് അത് വളരെ സഹായമാവില്ലേ"? ഈ ചിന്തയിൽ നിന്ന് തുടങ്ങിയ പരിശ്രമം ജാനിനെ കൊണ്ടുചെന്നെത്തിച്ചത് 2009 ഫെബ്രുവരി 24 ന് തന്റെ പിറന്നാൾ ദിനത്തിൽ "വാട്ട്സ് ആപ്പ്" എന്ന പേരിൽ ഒരു പുതിയ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിൽ തുടങ്ങുന്നതിലേക്കാണ്. "What's up" എന്നു കുശലാന്വേഷണത്തിനായി ഇംഗ്ളീഷുകാർ ഉപയോഗിക്കുന്ന പ്രയോഗത്തിൽ നിന്നാണ് വാട്ട്സ് ആപ്പ് എന്ന പേര് ജാൻ കണ്ടെത്തിയത്.
തന്റെ പുതിയ ആപ്ലിക്കേഷൻ മൂന്നു സുപ്രധാന മൂല്യങ്ങളിൽ ഊന്നിയതായിരിക്കണമെന്ന് ജാനിനു നിർബന്ധമുണ്ടായിരുന്നു- പരസ്യങ്ങൾ ഉണ്ടാവാൻ പാടില്ല, ഉപയോക്താക്കളുടെ സ്വകാര്യത പൂർണ്ണമായും മാനിക്കപ്പെടണം, ലാഭമുണ്ടാക്കാൻ വേണ്ടി വിലകുറഞ്ഞ തരികിട പരിപാടികൾ കാണിക്കാൻ പാടില്ല. ആദ്യ നാളുകൾ കഠിനമായ പരീക്ഷണത്തിന്റേതായിരുന്നു. പലപ്പോഴും ആപ്പ് പ്രവർത്തനരഹിതമായി. ആളുകൾ വിളിച്ച് ചീത്ത പറയും. അപഹസിക്കുന്ന കമന്റുകൾ ഫീഡ് ബാക്കായി എഴുതും. പലപ്പോഴും ഈ സംരംഭം ഉപേക്ഷിച്ചു പോയാലോ എന്നുപോലും കരുതിപ്പോയി. എന്നാൽ, പതിയെ സാഹചര്യങ്ങൾ അനുകൂലമായിത്തുടങ്ങി. ആപ്പിൾ കമ്പനി "പുഷ് നോട്ടിഫിക്കേഷൻസ്" നൽകാനായി വാട്ട്സ് ആപ്പ് ഉപയോഗിച്ച് തുടങ്ങി. ഉപഭോക്താവ് ഫോൺ ഉപയോഗിക്കാത്തപ്പോൾ "ഉറങ്ങുകയാണ്, ക്ലാസ്സിലാണ്, വണ്ടി ഓടിക്കുകയാണ്, ഭക്ഷണം കഴിക്കുകയാണ്" തുടങ്ങിയ മെസ്സേജുകൾ നൽകാൻ അത് വഴി സാധ്യമായി.
എന്നാൽ, അവിടം കൊണ്ട് അവസാനിപ്പിക്കാൻ ജാൻ തയ്യാറായില്ല. വാട്സ് ആപ്പ് -2 എന്ന പേരിൽ പുതിയ പതിപ്പ് രംഗത്തിറക്കി.
വാട്സ് ആപ്പ് - ലോക ജേതാവ്
ചുരുങ്ങിയ നാളുകൾക്കുള്ളിൽ രണ്ടര ലക്ഷത്തോളം ആളുകൾ വാട്സ് ആപ്പ് -2 തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത് ജാനിന്റെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു. ആ നാളുകളിൽ ബ്രയാൻ ജോലിയൊന്നുമില്ലാതിരിക്കുകയായിരുന്നു. ജാനിന്റെ പുതിയ സംരംഭത്തിൽ സഹകാരിയാകാൻ അദ്ദേഹവുമെത്തി. വെറും കയ്യോടെയല്ല, യാഹുവിൽ തന്റെ സുഹൃത്തുക്കളായിരുന്ന ചിലരിൽ നിന്ന് വാട്സ് ആപ്പിനായി രണ്ടര ലക്ഷം ഡോളർ സമാഹരിച്ചുകൊണ്ടാണ് വരവ്. ജാൻ ബ്രയാനെ അസിസ്റ്റന്റ് സി.ഇ.ഒ. ആയി നിയമിച്ചു. നാളുകൾക്കുള്ളിൽ അൻപതോളം ജോലിക്കാരുള്ള സ്റ്റാർട്ട് അപ് കമ്പനിയായി വാട്ട്സ് ആപ്പ് വളർന്നു. ലോകമെമ്പാടും പുതിയ ആപ്ലിക്കേഷന് പ്രചുര പ്രചാരം കിട്ടി. വളരെ എളുപ്പത്തിൽ മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അയക്കാനുള്ള സംവിധാനം കൂടി വന്നതോടെ വാട്ട്സ് ആപ്പ് ലോകം കീഴടക്കി. അത് വരെ ഫോണിലെ ടെക്സ്റ്റ് മെസ്സജുമായി ബന്ധപ്പെട്ട MMS എന്ന സംവിധാനം വേണ്ടിയിരുന്നു ചിത്രങ്ങളും വീഡിയോയും മറ്റൊരു ഫോണിലേക്ക് അയക്കാൻ. അതാകട്ടെ പലപ്പോഴും ഫലപ്രദവുമല്ലായിരുന്നു.
പൂർണ്ണമായും സൗജന്യമായ ഒരു ആപ്ലിക്കേഷനായി തുടങ്ങിയതാണെങ്കിലും ഒരു ഘട്ടത്തിൽ ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാൻ കുറച്ചു നാൾ പെയ്ഡ് ആയി വാട്സ് ആപ്പ് മാറിയെങ്കിലും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഉൾപ്പെടുത്തി എത്ര പേർക്ക് വേണമെങ്കിലും ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനായി അത് രൂപപ്പെട്ടപ്പോൾ വീണ്ടും സൗജന്യമാക്കി. വീഡിയോ കോൾ വിളിക്കാനുള്ള സംവിധാനം, ഗ്രൂപ്പുകൾ ഉണ്ടാക്കാനുള്ള ഫീച്ചർ തുടങ്ങി പല പല കാര്യങ്ങളും കാലാനുസൃതമായി കൂട്ടിച്ചേർത്തതോടെ വാട്ട്സ് ആപ്പ് എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്നു. ഉണർന്നാലുടൻ ലോകമെമ്പാടും പലരുടെയും ആദ്യത്തെ ദിന ചര്യ വാട്ട്സ് ആപ്പിൽ ഗുഡ് മോർണിംഗ് മെസ്സേജുകൾ വായിക്കുകയും മറുപടി അയക്കുകയും ചെയ്യുന്നതിലേക്ക് മാറി. ഉറങ്ങുന്നതിനു മുൻപും അവസാനമായി നോക്കുന്നത് വാട്സ് ആപ്പ് ആയിത്തീർന്നു. എന്തിനേറെ പലരും ദിവസത്തിൽ ഏറ്റവുമധികം തവണ തുറന്നു നോക്കുന്നതും സമയം ചെലവഴിക്കുന്നതും വാട്ട്സ് ആപ്പിൽ ആയി. അനുദിന ജീവിതത്തിൽ വാട്സ് ആപ്പ് ഇല്ലാത്ത ഒരു ദിവസം ചിന്തിക്കാൻ പോലുമാകാത്ത സ്‌ഥിതിയായി.
വാട്സ് ആപ്പ് ഫേസ് ബുക്കിലേക്ക് 2014 ആയപ്പോഴേക്കും ലോകത്താകമാനം 60 കോടി ഉപഭോക്താക്കൾ വാട്സ് ആപ്പിനുണ്ടായി. അതിൽത്തന്നെ 10 കോടി ആളുകൾ ഇന്ത്യയിൽ നിന്നായിരുന്നു. വാട്ട്സ് ആപ്പിന്റെ പ്രചുര പ്രചാരം ശ്രദ്ധയിൽ പെട്ട ഫേസ് ബുക്ക് ഉടമ മാർക്ക് സുക്കൻ ബർഗ് 2014 ൽ ജാനിനെ സമീപിച്ച് വാട്സ് ആപ്പ് തങ്ങൾക്ക് കൈമാറുന്നുവോ എന്ന് ആരാഞ്ഞു. ബ്രയാനുമായി കൂടി ആലോചിച്ച ശേഷം ജാൻ പത്തൊൻപത് ബില്യൺ ഡോളറിന് വാട്ട്സ് ആപ്പിനെ ഫേസ് ബുക്കിനു കൈമാറി. ഒരിക്കൽ തങ്ങൾ ജോലി നിഷേധിച്ച രണ്ടു പേരിൽ നിന്നാണ് ഇത്രയും വലിയ തുക നൽകി അവർ നിർമിച്ച ആപ്ലിക്കേഷൻ ഫേസ് ബുക്ക് വാങ്ങേണ്ടി വന്നത് എന്നതാണ് കൗതുകകരം. പ്രതിഫലമായി തനിക്കു ലഭിച്ച തുകയിൽ ഏറിയ പങ്കും അപ്പോൾത്തന്നെ അനാഥക്കുഞ്ഞുങ്ങളുടെയും പാർപ്പിടമില്ലാത്തവരുടെയും മറ്റും പുനരധിവാസത്തിനും സമാനമായ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ജാൻ പങ്കു വച്ച് നൽകി എന്നത് താൻ വന്ന വഴികൾ അദ്ദേഹം മറന്നില്ല എന്നതിന്റെ തെളിവാണ്.
തന്നെ ആരും ഒരു "തൊഴിൽ സംരംഭകൻ" (entrepreneur) എന്ന് വിളിക്കുന്നത് ജാനിന് ഇഷ്ടമില്ല. "തൊഴിൽ സംരംഭകരുടെ പ്രധാനം ലക്‌ഷ്യം ലാഭമാണ്. എന്നാൽ, എനിക്കങ്ങനെയല്ല. എന്റെ ശ്രദ്ധ മുഴുവൻ ആളുകൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ എങ്ങനെ ഉണ്ടാക്കിയെടുക്കാമെന്നാണ്. ലാഭമുണ്ടാക്കുന്നത് എന്റെ പരിഗണനയിലേ ഇല്ല" അദ്ദേഹം പറയുന്നു.
ഫേസ് ബുക്കിൽ വലിയ തോതിൽ മൂലധന നിക്ഷേപമുള്ള ജാൻ കോവും ഇപ്പോൾ മാറിയ കാലത്തിനനുസൃതമായ പുതിയ ചില കണ്ടുപിടുത്തങ്ങൾ നടത്താനുള്ള തീവ്രമായ ശ്രമത്തിലാണ്. വാട്സ് ആപ്പിനേക്കാൾ സാധ്യതകളുള്ള ഒരു പുതിയ ആപ്പുമായി അദ്ദേഹം രംഗത്തെത്തിയേക്കാം.
പ്രതിസന്ധികളെ അവസരങ്ങളാക്കുക
ഒന്നോർത്താൽ, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളും പ്രതിസന്ധികളുമാണ് ഒരാളുടെ ചിറകുകളെ അയാൾ പോലുമറിയാതെ ബലപ്പെടുത്തി പറന്നുയരാൻ കരുത്ത് നൽകുന്നത്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ജീവിത പ്രതിസന്ധികളിൽപെട്ട് തളർന്നിരിക്കാതെ പിടഞ്ഞെഴുന്നേറ്റ് മുന്നോട്ടു പോകാൻ ഉദ്യമിക്കുന്നവരെ പ്രപഞ്ചം തുണയ്ക്കാതിരിക്കില്ല. ഉറ്റ ചങ്ങാതിമാരായും നിനച്ചിരിക്കാത്ത ജോലി വാഗ്‌ദാനങ്ങളായും മനസ്സിൽ തെളിയുന്ന ആശയങ്ങളായും തുണയ്‌ക്കെത്തുന്നത് ഈശ്വരൻ തന്നെയാണല്ലോ. പൊരുതാനുള്ള മനസ്സ് നഷ്ടമാവാത്തവർക്ക് കാലക്രമത്തിൽ എല്ലാം അനുകൂലമാകുകതന്നെ ചെയ്യും. ലോകത്തിന് പുതുതായി എന്തെങ്കിലും സംഭാവന നല്കിയവരൊക്കെ സഹനങ്ങളുടെ തീച്ചൂളയിൽ ഉരുക്കി വാർക്കപ്പെട്ടവരാണ്. ജാനിന്റെ ദൃഢ നിശ്‌ചയത്തോടും പോരാട്ടവീര്യത്തോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! നമ്മുടെയൊക്കെ അനുദിന ജീവിതത്തിലെ ആശയവിനിമയത്തെ വാട്സ് ആപ്പ് എന്തുമാത്രം എളുപ്പമുള്ളതാക്കിത്തീർത്തിരിക്കുന്നു! ജാനിന്റെ ബുദ്ധിയിൽ തെളിയുന്ന അടുത്ത ആപ്ലിക്കേഷൻ എന്തായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കാം.