അരിമണി കുരുവികൾക്കൊരു പ്രത്യേക ഭംഗി ആണ്..
ചാടി ചാടി അങ്ങനെ നടക്കും ചില്ലകൾ തോറും..
സായം കാലത്തെ വെയിലിൽ അവയുടെ ലേശം ചാരം കലർന്ന
ഇളം തവിട്ടുനിറത്തിൽ നിന്നുള്ള ഒരു നനുത്ത പ്രതിഫലനം!
ഓ! പക്ഷി നീരീക്ഷണമാണെങ്കിൽ, കോളേജിലേക്ക് പോകണം, അവിടെ യുണ്ട് ......
മുണ്ടിയും മൈനയും കൽ മണ്ണാത്തിയും പിന്നെ മഞ്ഞ തേൻകിളിയും ....
അങ്ങനെ അങ്ങനെ..ഒരു നീണ്ട നിരതന്നെ ! പുള്ളി ചോരക്കാലിയെപ്പറ്റിയും മറ്റും
ഇനി പ്രശാന്ത് അച്ചനോടു ചോദിക്കേണ്ടി വരും!
ചെറുപ്പത്തിൽ ഒരു പക്ഷിപ്രേമി കസിനോട് കൂട്ട്കൂടി കേറി നിരങ്ങാത്ത മരങ്ങളില്ല,
ഒരു അണ്ണൻ കുഞ്ഞിനെ എങ്കിലും സ്വന്തമാക്കാൻ മാനം നോക്കി എത്രയോ നടപ്പുകൾ.
ഏതെങ്കിലും മരത്തിൽ അണ്ണാൻ കൂടു വച്ചിട്ടുണ്ടോ എന്നുള്ള തിരച്ചിലുകൾ.
അങ്ങനെ ഒരു ദിവസം ലക്കിനൊത്തുകിട്ടി ഒരു കൂടും മുട്ടയിടാൻ പുറപ്പെടുന്ന പക്ഷി ദമ്പതിമാരും.
പറമ്പിന്റെ ഓരത്തു ചാഞ്ഞ പറങ്കിമാവും, എടുത്തു പൊക്കി ചുമലിൽ കയറ്റാൻ റെഡി ആയ
കുറുമ്പി ചേച്ചിയും. പുള്ളിക്കാരിക്കിത് പുത്തരിയല്ല, പ്രാവിനടിയിൽ
കോഴികുഞ്ഞിനെ വിരിയിച്ച പാർട്ടി ആണേ,
ഓരോ ഉച്ചനേരത്തും അമ്മമാർ ഒരല്പം ഉച്ചമയക്കത്തിന് പോകുന്ന നേരം,
വീട്ടിൽ നിന്ന് 'ഒച്ചയുണ്ടാക്കാതെ അനങ്ങാതെ' പുറത്തു ചാടി കയ്യാല ഇറങ്ങി
ചേച്ചിയുടെ ചുമലിൽ കേറി നിന്ന് കൂടിന്റെ അവലോകനം..
പറങ്കി മാവിന്റെ പൊത്തിൽ ഒരല്പ്പം അകത്തേക്ക് കയറ്റിവച്ച ഉണങ്ങിയ കരിയിലയും, പുല്ലും ...
പിന്നെ കുറച്ചു ദിവസത്തിനുള്ളിൽ കാത്തു കാത്തിരുന്ന രണ്ടോ നാലോ മുട്ടകളും!
ദിവസം തോറും ഏറിവരും excitement !
അങ്ങനെ ഒരു ദിവസത്തെ വരവിൽ ഒരൊറ്റ രോമം പോലുമില്ലാത്ത
രണ്ടു കിളിക്കുഞ്ഞുങ്ങൾ വാ കീറി നിലവിളിക്കിന്നു ! ശ്ശൊ!! വിചാരിച്ചത്ര ഭംഗിയില്ല..
പക്ഷെ, പിന്നീട് ഓരോ ദിവസവും അവരുടെ വളർച്ചയുടെ റണ്ണിങ് കമന്ററി
താഴെ മുതുകു ചായിച്ചുതന്ന ചേച്ചിയോട്!
ഒരിക്കൽ അവയെ കയ്യിലെടുത്തു പോയി...പക്ഷികുഞ്ഞുങ്ങളെ കൈയിലെടുത്താൽ
അവ ചത്ത് പോകുമെന്ന് ഭയന്ന്, കുരിശും മൂട്ടിൽ ഇരുപത്തഞ്ചു പൈസ ഇട്ടു പ്രാർത്ഥിച്ചു!
എന്തോ അവകാശത്തോടെ വീണ്ടും പിറ്റേന്ന് വിസിറ്റിനു ചെന്നപ്പോളെന്തോ
ഒരു ശരിയില്ലായ്മ.. ഏറ്റു കേറി നോക്കുമ്പോൾ..അതിലൊരു മുട്ടൻ പാമ്പ് !
നാവു നീട്ടാൻ പോലും ആകാതെ കുഞ്ഞു കിളികളെ ഉടുമ്പാടും വിഴുങ്ങികളഞ്ഞു
ആ വമ്പൻ ക്രൂരൻ.
അങ്ങനെ എത്രയോ പക്ഷികഥകൾ.. വീട്ടിലെ കൂട്ടിലിട്ട തത്തകൾ കാണാൻ വന്ന
തത്തക്കൂട്ടത്തെ മുഴുവൻ കൊട്ടയിലിട്ടു പിടിച്ചു കൂട്ടിലാക്കി എങ്കിലും
ഏറെ നാൾ കഴിയും മുമ്പേ അവയെ തുറന്നു വിട്ടു ...കൂട്ടിൽ കിടന്നപ്പോളവയ്ക്കു
വേണ്ടത്ര ഭംഗി പോരായെന്നൊരു തോന്നൽ.. ഇന്നു തെങ്ങിൻറെ
ഓല കൈയിൽ അവ പട പടയായി ചേക്കേറുമ്പോളും, കാട്ടു ചെടിയുടെ വിത്തുകൾ
ചുവപ്പു കൊക്കു കൊണ്ട് കൊത്തി പറിക്കുമ്പോളും ഇങ്ങു ദൂരെ നിന്ന് നോക്കുമ്പോൾ..
ആഹാ എന്തൊരു ചന്തം!
സ്നേഹിച്ച പെൺകുട്ടിയെ കിട്ടില്ലെന്ന് തോന്നിയപ്പോൾ എങ്ങനെയും
സ്വന്തമാക്കി കൂട്ടിലടച്ചേക്കാമെന്നാണോ നമ്മുടെ ആൺകുട്ടികൾ കരുതുന്നത്?
ഞാൻ സ്വന്തമാക്കിയില്ലെങ്കിൽ, ആരും സ്വന്തമാകേണ്ട എന്ന നിമിഷാർദ്ധത്തിന്റെ
തോന്നലിന്, അഗ്നിക്കും, ആസിഡിനും വിഷത്തിനും, എന്തിനും വെടിയുണ്ടയ്ക്കും
ഇരയായ നമ്മുടെ ഒരു പിടി പെൺകുട്ടികൾ!
പിടിച്ചുവെച്ചാൽ കാണുമോ ആ ചന്തം, പറന്നുയരുമ്പോൾ കാണുന്ന വശ്യത?
കാൽ കൊണ്ട് ചവിട്ടി അരച്ചാൽ കിട്ടുമോ തുളുമ്പുന്ന സ്നേഹത്തിന്റെ നിർവൃതി?
സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ വിട്ടുകൊടുക്കാൻ നമുക്ക് ആകുമോ?...
ചെറുതായി കാണുന്നില്ല ഹൃദയത്തിന്റെ മുറിവേറ്റ പാടുകൾ..
പക്ഷെ, അവ മായാൻ വേണ്ടത് സമയവും പിന്നെ ചില വീണ്ടുവിചാരങ്ങളും..
നമ്മുടെ യുവാക്കൾ വൈകാരികമായി സ്ഥിരതയുള്ളവരായിരിക്കട്ടെ,
അഹങ്കാരമോ തടസ്സങ്ങളോ (inhibitions) ഇല്ലാതെ അവരുടെ എല്ലാ വികാരങ്ങളും
അംഗീകരിക്കാൻ അവരും ചുറ്റുമുള്ള അവരുടെ കൊച്ചു ലോകവും തയ്യാറാകട്ടെ...
മാതാപിതാക്കളും, സുഹൃത്തുക്കളും അടങ്ങിയ ആലോകം സ്നേഹ ബന്ധനങ്ങളാൽ
അവരെ തളക്കട്ടെ, പ്രതികാര അഗ്നിയിൽ ഒരല്പം വീണ്ടു വിചാരത്തിന്റെ, തണുപ്പ് പടരട്ടെ!
''സാരമില്ല, പോട്ടെ, നിനക്കിനിയും മുന്പിലുണ്ട് ജീവിതം'' എന്ന് പറയുമ്പോൾ,
പുതു പ്രതീക്ഷകൾ അവരിൽ ഉണരും, അതിൽ എത്തി പിടിച്ചു അവർ തുഴഞ്ഞു കയറും, തീർച്ച!
ജീവിതത്തിലെ അപ്രതീക്ഷിതമായ unplanned സംഭവങ്ങളിൽ അവർ
അനുഭവിക്കുന്ന കോപവും ഉത്കണ്ഠയും എല്ലാ നെഗറ്റീവ് വികാരങ്ങളും
സ്നേഹത്തോടെ അംഗീകരിക്കാൻ മനസ്സിനെ പാകപ്പെടുത്തട്ടെ....
ആ വികാരങ്ങളെ നേരിടാനും വിശകലനം ചെയ്യാനും പ്രോസസ്സ് ചെയ്യാനും അത്
വിട്ടു മുന്നോട്ട് പോകാനും അവർ പഠിക്കട്ടെ!
ചില പക്ഷികൾ, പൂവുകൾ, ശലഭങ്ങൾ ഒക്കെ നമുക്ക് ദൂരെ നിന്ന് ആസ്വദിക്കാം,
അവ പറന്നു പോയിക്കൊള്ളട്ടെ, ദൂരേക്ക്..
മാഞ്ഞു പോകുന്ന മാരിവില്ലിനെ ഓർത്തു നാം കരയാറില്ലാലോ, ചുണക്കുട്ടികളെ!
Dr Jinu George
Assistant Professor and Dean of Science
PG and Research Dept. of Chemistry
Sacred Heart College Thevara 682013
Mob: +91 9446185777