കോവിഡ് 19 വൈറസിനെ നേരിടാൻ മറ്റെല്ലാം മറന്ന് ലോകജനത ഒന്നിക്കുന്ന ഈ കാലത്ത് മനുഷ്യകുലം നേരിടുന്ന അനിതരസാധാരണമായ പ്രതിസന്ധി മറികടക്കാൻ പലരും തങ്ങളാൽ ആവുന്ന തരത്തിലുള്ള സംഭാവനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ആർക്കും പുറത്തിറങ്ങാനോ കൂട്ടം കൂടാനോ അനുവാദമില്ലാത്ത ഈ നാളുകളിൽ ചില പ്രശസ്ത സിനിമാ താരങ്ങൾ ചെയ്തതെന്തെന്ന് അറിഞ്ഞിരുന്നോ ? 2011 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചിത്രത്തിലെ പ്രമുഖ നടീനടന്മാരാണ് ഈ ദിവസങ്ങളിൽ ഒത്തുചേർന്നത്. പക്ഷേ അത് വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു എന്ന് മാത്രം. ഓരോരുത്തരും സ്വന്തം വീട്ടിൽ നിന്ന് തന്നെ ഞങ്ങൾക്ക് പറയാനുള്ളത് വീഡിയോയിലൂടെ അറിയിക്കുകയായിരുന്നു. വളരെ ശ്രദ്ധയോടെയാണ് അവരെ ലോകം കേട്ടത്. ആ വാക്കുകൾ ഇത്രമാത്രം ജനശ്രദ്ധ നേടാൻ കാരണം അറിയണ്ടേ ?
ഈ നാളുകളിൽ ഏറ്റവുമധികം ആളുകൾ ഇൻറർനെറ്റിൽ തെരഞ്ഞ ഹോളിവുഡ് സിനിമയാണ് Contagion ( പകർച്ചവ്യാധി). 2011 ൽ റിലീസായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റീവൻ സോഡർബർഗ് ആണ്. സിനിമയുടെ പ്രതിപാദ്യവിഷയം ആണ് ഇതിനെ ഇത്രമാത്രം ശ്രദ്ധേയമാക്കിയത്. അമേരിക്കയിലെ മിനിയാപൊളീൽ പെട്ടെന്നൊരുനാൾ പ്രത്യക്ഷപ്പെട്ട ഒരു പകർച്ചവ്യാധി അതിവേഗം സമീപത്തുള്ള മറ്റു നഗരങ്ങളിലേക്ക് നിയന്ത്രണാതീതമായി പടരുകയാണ്. ഏതോ പുതിയ തരം വൈറസ് ആണ് കാരണമെന്ന് വിദഗ്ധർ കണ്ടെത്തുന്നു. ദക്ഷിണ ചൈനയിലെ ഒരു മാർക്കറ്റിലാണ് ഇതിന്റെ ഉത്ഭവം. അവിടം സന്ദർശിച്ച ബേത്ത് എന്ന സ്ത്രീയിലൂടെയാണ് അമേരിക്കയിലേക്ക് വൈറസ് എത്തുന്നത്. വവ്വാലിൽ നിന്ന് പന്നിയിലേക്കും പിന്നീട് മനുഷ്യരിലേക്കും ആണിത് കടന്നുകൂടിയിരിക്കുന്നത് തെളിയിക്കപ്പെടുന്നു. വേഗം പടരുന്ന ഈ രോഗം ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. രോഗബാധിതരെ ക്വാറണ്ടയിൽ ചെയ്യുന്നു, എല്ലാവരും മാസ്ക് കെട്ടി നടക്കുന്നു, ലോക് ഡൗൺ പ്രഖ്യാപിക്കപ്പെടുന്നു, രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നു, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നു ...തുടങ്ങി ഇന്ന് നമ്മൾ കാണുന്ന പല കാര്യങ്ങളും ഈ സിനിമയിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ചിലർ തങ്ങൾ മരുന്നു കണ്ടുപിടിച്ചു എന്ന് അവകാശപ്പെട്ട് പലരെയും അപകടത്തിലാക്കുന്നു. മറ്റുചിലർ സോഷ്യൽ മീഡിയയിലൂടെയും പ്രൈവറ്റ് ബ്ലോഗുകളിലൂടെയും പരിഭ്രാന്തി ഉളവാക്കുന്ന അഭ്യൂഹങ്ങൾ പരത്തി ആളുകളെ ഭയപ്പെടുത്തുന്നു. ജനങ്ങളെ നിയന്ത്രിക്കുന്നത് ഗവൺമെൻറ്കൾക്ക് ദുഷ്കരമായി വരുന്ന ഘട്ടം എത്തുകയും സാമൂഹികവിരുദ്ധർ കൊള്ളയും കൊള്ളിവെപ്പുമായി തെരുവിൽ ഇറങ്ങുകയും ചെയ്യുന്നു. ലോകത്താകമാനം 26 മില്യൺ മനുഷ്യരുടെ ജീവൻ അപഹരിക്കുന്ന ഈ വൈറസിനെ പിന്നീട് വാക്സിൻ കണ്ടെത്തി നിയന്ത്രണ വിധേയമാക്കുന്നു.
പ്രമുഖ അഭിനേതാക്കളായ കേറ്റ് വിൻസ്‌ലെറ്റ്, മാറ്റ് ഡാമൻ, മാരിയോൻ കോട്ടിലാർഡ്, ലോറൻസ് ഫിഷ് ബേൺ, തുടങ്ങിയവരാണ് അഭ്രപാളിയിൽ വിവിധ കഥാപാത്രങ്ങൾക്ക് ജന്മം കൊടുക്കുന്നത്. വിദൂര സ്വപ്നത്തിൽ പോലും സംഭവിക്കാനിടയില്ലെന്ന് അന്ന് കരുതിയ ഇത്തരത്തിലുള്ള കഥ പ്രവചന സമാനമായി നിറവേറുന്നത് കണ്ട് അത്ഭുതത്തിലാണ്ടിരിക്കയാണ് ഈ ചിത്രത്തിന്റെ കഥാകൃത്തും സംവിധായകനും നടീ നടന്മാരും പിന്നണി പ്രവർത്തകരുമൊക്കെ. സിനിമയിൽ തങ്ങൾ അവതരിപ്പിച്ച രംഗങ്ങൾ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, കൊളമ്പിയ യൂണിവേഴ്സിറ്റിയിലെ ആരോഗ്യ വിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് അവർ ഒരു "പബ്ബിക് സർവ്വീസ് അനൗൺസ്മെന്റ്" നടത്താൻ തയ്യാറായത്. കോവിഡ് - 19 വൈറസിന്റെ വ്യാപനം തടയാൻ ഓരോരുത്തരും വീടുകളിൽത്തന്നെ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് തങ്ങൾ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കൊച്ചു വീഡിയോ ക്ലിപ്പുകൾ സ്വന്തമായി എടുത്ത് യു ട്യൂബിലും മറ്റ് സോഷ്യൽ മീഡിയ നെറ്റ് വർക്കുകളിലും പോസ്റ്റ് ചെയ്യുകയാണ് അവർ ചെയ്തത്.
സിനിമയിൽ താൻ വൈറസിനെ അതിജീവിക്കാനുള്ള രോഗപ്രതിരോധശേഷി നേടിയ ഒരാളായാണ് അഭിനയിച്ചതെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ലെന്നും മാറ്റ് ഡാമൻ ഓർമിപ്പിച്ചു. "ചരിത്രത്തിൽ ഇതിനു മുൻപും സമാനമായ പ്രതിസന്ധികൾ നമ്മൾ പൊരുതി തോൽപ്പിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയും നിശ്ചയമായും നമ്മൾ മറികടക്കും" അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെ പറഞ്ഞു .വൈറസിനെ നേരിടുന്ന ശാസ്ത്രജ്ഞയായി വേഷമിട്ട കെയ്റ്റ് വിൻസ്ലെറ്റ് ( ടൈറ്റാനിക് സിനിമയിലെ റോസ് ), ആരോഗ്യ പ്രവർത്തകയ്ക്ക് നിർദേശിക്കാൻ ഉള്ള കാര്യങ്ങൾ എന്ന രീതിയിലാണ് തനിക്കു പറയാനുള്ളത് അവതരിപ്പിച്ചത്. അണുവിമുക്തമാക്കാൻ 20 സെക്കൻഡ് നേരം കൈ കഴുകേണ്ട വിധം കാണിച്ചുതരികയും മുഖത്ത് അനാവശ്യമായി സ്വയം സ്പർശിക്കാതിരിക്കാൻ വളരെ ശ്രദ്ധിക്കണം എന്ന് ഓർമപ്പെടുത്തുകയും ചെയ്തു വിൻസ്ലേറ്റ്.
ഡോക്ടർ ആയി അഭിനയിച്ച ലോറൻസ് ഫിഷ് ബേൺ വളരെ പ്രസക്തമായ മറ്റൊരു കാര്യമാണ് നിർദ്ദേശിച്ചത്: " ഷെയ്ക്ക് ഹാൻഡ് വഴി രോഗം പകരുന്നതിനെക്കുറിച്ച് സിനിമയിൽ പരാമർശമുണ്ട്. താൻ ആയുധധാരി അല്ല എന്ന് മറ്റുള്ളവരെ കാണിക്കാനും അങ്ങനെ സുഹൃദ് ബന്ധം സ്ഥാപിക്കാനുമാണ് തുറന്ന കൈകൊണ്ട് ഷെയ്ക്ക് ഹാൻഡ് നല്കുന്ന രീതി പലയിടത്തും ആരംഭിച്ചത്. എന്നാലിന്ന് അങ്ങനെ ചെയ്യുന്നതിലൂടെ ഓരോരുത്തരും കയ്യിലുള്ള അദൃശ്യമായ ഒരു ആയുധംകൊണ്ട് മറ്റൊരാളുടെ ജീവൻ അപഹരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്" അദ്ദേഹം പറഞ്ഞു. "കോവിഡ് -19 നെ പരാജയപ്പെടുത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഓരോരുത്തരും തങ്ങളിൽ വൈറസ് കടന്നു കൂടിയിട്ടുണ്ട് എന്നമട്ടിൽ സാമൂഹിക അകലം പാലിക്കുന്നതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രതിനിധിയായാണ് മരിയൻ കോട്ടിലാഡ് അഭിനയിച്ചത്. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ താൻ ഒരു സാധാരണ സ്ത്രീയും വീട്ടമ്മയുമാണെന്നും നമ്മളെല്ലാവരും ചേർന്ന് എടുക്കുന്ന ചില നല്ല തീരുമാനങ്ങളിലൂടെയാണ് ലോകത്തിന്റെ ഇനിയുള്ള ഭാവി നിർണ്ണയിക്കപ്പെടുന്നതെന്നും അവർ അനുസ്മരിപ്പിച്ചു. സിനിമയിൽ വൈറസിന് വാക്സിൻ കണ്ടുപിടിക്കുന്ന ശാസ്ത്രജ്‌ഞയായി വേഷമിട്ട ജെന്നിഫർ ഏലിനു പറയാനുണ്ടായിരുന്നത് ഇതാണ് : " സിനിമയിലെ വൈറസിന് 90 ദിവസം കൊണ്ട് വാക്സിൻ കണ്ടെത്തുന്നുണ്ട്. എന്നാൽ നമ്മുടെ രോഗപ്രതിരോധശേഷിക്ക് തികച്ചും അന്യമായ ഒരു വൈറസ് ആണ് കോ വിഡ് - 19. അതിനാൽ തന്നെ ഒരു വാക്സിൻ കണ്ടെത്തുക ശ്രമകരമാണ്. കുറഞ്ഞത് 16 മാസമെങ്കിലും ഇല്ലാതെ തയ്യാറാക്കാൻ കഴിയില്ലെന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതുവരെ രോഗം പകരാതെ നമ്മൾ പരസ്പരം സഹായിക്കുകയേ നിവൃത്തിയുള്ളൂ".
ഈ സിനിമയ്ക്ക് കഥ എഴുതിയ സ്കോട്ട് എസ് ബേൺസ് ഇത്തരത്തിലൊരു വീഡിയോ ചെയ്തില്ലെങ്കിലും ന്യൂയോർക്ക് ആസ്ഥാനമായ "Vulture" എന്ന് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്: "ആശങ്ക തെല്ലൊക്കെ ഉണ്ടെങ്കിലും ഈ വൈറസിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് എനിക്ക് നല്ല ശുഭാപ്തി വിശ്വാസമുണ്ട് ഇതിനേക്കാൾ മാരകമായ കോളറ, പ്ലേഗ്, പോളിയോ,ചിക്കൻ പോക്സ് തുടങ്ങിയ രോഗങ്ങൾ വരുതിയിലാക്കിയ ചരിത്രമാണ് മനുഷ്യകുലത്തിന് ഉള്ളത് അന്തിമ വിജയം നമ്മുടേത് ആയിരിക്കും " .
ഏതായാലും ലോകം ഭീതിയിലാഴ്ന്നിരിക്കുന്ന ഈ ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഒരു ബോധവൽക്കരണ ശ്രമവുമായി സമാനമായ അനുഭവങ്ങൾ പ്രതിപാദിക്കുന്ന സിനിമയിൽ അഭിനയിച്ചവർ തന്നെ രംഗത്ത് വന്നത് അഭിനന്ദനാർഹമാണ്. യഥാർത്ഥ ജീവിതത്തിൽ അല്ലെങ്കിൽ കൂടി മാരകമായ വൈറസ് ആക്രമണത്തിന്റെ ദുരന്തഫലങ്ങൾ ശ്രദ്ധേയമായ രീതിയിൽ അഭിനയിച്ചു വിജയിപ്പിച്ചവരുടെ വാക്കുകൾ സിനിമാപ്രേമികൾ മാത്രമല്ല, ലോകം മുഴുവനും ഉൾക്കൊണ്ട് പ്രതികരിച്ചു ഈ പ്രതിസന്ധിഘട്ടത്തെ അധികം വൈകാതെ തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം.
ഫാ. സാബു തോമസ്
അസി. പ്രൊഫസ്സർ ,
സേക്രഡ് ഹാർട്ട് കോളേജ്, തേവര.
9446144836
No comments:
Post a Comment