ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി വച്ച് പോലീസ് കൊലപ്പെടുത്തിയതിൽ പ്രതിഷേധം ആളിപ്പടരുകയായിരുന്നു അമേരിക്കയിൽ ഈ ദിവസങ്ങളിൽ. രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിലും "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന ജോർജിന്റെ അവസാന വാക്കുകൾ മുദ്രാവാക്യം പോലെ വിളിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയും തല്ലിത്തകർത്തും അക്രമങ്ങൾ പലയിടത്തും അരങ്ങേറിക്കഴിഞ്ഞു. സമരാനുകൂലികൾ എന്ന മട്ടിൽ തെരുവിലിറങ്ങിയ സാമൂഹിക വിരുദ്ധർ കടകൾ കൊള്ളയടിച്ചു. അക്രമം അടിച്ചമർത്താൻ ലാത്തിച്ചാർജ്, ടിയർ ഗ്യാസ്, റബ്ബർ ബുള്ളറ്റ് തുടങ്ങി പല വഴികളും പോലീസ് പരീക്ഷിച്ചു നോക്കി. ബ്രൂക്‌ലിൻ സിറ്റിയിൽ സമരക്കാർക്കു നേരെ പോലീസ് വാഹനം ഓടിച്ചു കയറ്റി. പലയിടത്തും പോലീസ് വെടിവയ്പ്പിൽ ആളുകൾ കൊല്ലപ്പെട്ടു. മിക്കവാറും നഗരങ്ങളിൽ കർഫ്യു ഏർപ്പെടുത്തേണ്ടി വന്നു.
എന്നാൽ, കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധങ്ങൾക്ക് ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കയാണ്. മെയ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റ് കമാൻഡിങ് ഓഫീസർ വിൻസന്റ് ടവലാരോ ആണ് ഇതിനു തുടക്കമിട്ടത്. തുടർന്ന് മറ്റു നഗരങ്ങളിലേക്കും അത് പടർന്നു. പെട്ടന്ന് തന്നെ സമരങ്ങൾക്ക് മറ്റൊരു മുഖം കൈവന്നു. കാര്യങ്ങൾ കുറെയൊക്കെ നിയന്ത്രണ വിധേയമായിത്തുടങ്ങി. എന്താണ് സംഭവിച്ചതെന്നോ? തനിക്കെതിരെ മുദ്രാവാക്യം മുഴക്കി അക്രമാസക്തരായി വന്നു കൊണ്ടിരുന്ന ജനക്കൂട്ടത്തിന്റെ മുൻപിൽ വിൻസന്റ് ടവലാരോ പുറത്തെടുത്ത ആയുധമാണ് തോക്കിനെക്കാളും ഗ്രനേഡിനേക്കാളുമൊക്കെ ഫലവത്തായി മാറിയത്. അദ്ദേഹം ചെയ്തതിതാണ്. കയ്യിലുള്ള ആയുധങ്ങൾ മാറ്റിവച്ച് സമരക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർക്കു മുൻപിൽ മുട്ടുകുത്തി. ഇത് കണ്ട സഹ ഓഫീസർമാരും അത് തന്നെ ചെയ്തു. പിന്നെ അവിടെ നടന്നത് മാജിക്ക് പോലെ തോന്നും നമ്മൾ ആ വീഡിയോ ഫൂട്ടേജ് കാണുമ്പോൾ. ആളുകൾ വന്നു പോലീസുകാർക്ക് കൈ കൊടുത്ത് അഭിനന്ദിക്കുന്നു. വിൻസന്റിനെ പ്രതിഷേധക്കാർ കെട്ടിപ്പിടിച്ചു വിതുമ്പുന്നു. കുറച്ച് സമയം അവിടെ നിന്ന് മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം അവർ ശാന്തരായി പിരിഞ്ഞു പോകുന്നു.
ന്യൂയോർക്ക് പോലീസ് കമ്മീഷണർ ഡെർമോട്ട് ഷിയാ ഇതേക്കുറിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തു: "ഇനി നമുക്ക് ആവശ്യം ഇത്തരം ഏറ്റുമുട്ടലുകളാണ് . പരസ്പരം കേൾക്കുകയും മനസ്സിലാക്കുകയും വിട്ടു വീഴ്ചകൾ ചെയ്യുകയും വ്യത്യസ്തതകളാണ് നമ്മുടെ ശക്തി എന്ന് അംഗീകരിക്കുകയും ചെയ്യലാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം". മറ്റൊരിടത്ത് പ്രതിഷേധക്കാർക്കു മുൻപിൽ മുട്ടുകുത്തിക്കൊണ്ട് പോലീസ് അസിസ്റ്റന്റ് ചീഫ് ജെഫ്‌റി മാഡ്രി അവരോട് പറഞ്ഞു: " നിങ്ങളോരോരുത്തരും എന്റെ സഹോദരങ്ങളാണ്. നിങ്ങൾ പ്രതിഷേധിച്ചു കൊള്ളൂ..എന്നാൽ അത് സമാധാന പൂർണ്ണമായിരിക്കട്ടെ" . ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. വളരെ വേഗം ഈ മാതൃക ന്യൂയോർക്കിലെ മറ്റു ഭാഗങ്ങളിലേക്കും പിന്നീട് മറ്റു നഗരങ്ങളിലേക്കും പടർന്നു. വാഷിംഗ്ടണിലും ഇയോവയിലും കാലിഫോർണിയയിലുമെല്ലാം പോലീസ് ഉദ്യോഗസ്‌ഥർ പ്രതിഷേധക്കാരോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ടും പോലീസ് ചെയ്ത അതിക്രമത്തിന് ക്ഷമ ചോദിച്ചുകൊണ്ടും മുട്ട് മടക്കി നിൽക്കുന്നതിന്റെ ചിത്രങ്ങളും
വീഡിയോകളും മാധ്യമങ്ങളിൽ നിറഞ്ഞു തുടങ്ങി. ഫ്ലോറിഡയിലെ മിയാമിയിൽ ഉന്നതരായ ചില പോലീസ് ഉദ്യോഗസ്‌ഥർ ഒരുമിച്ച് നിന്ന് ജനക്കൂട്ടത്തിന്റെ മുൻപിൽ മുട്ടുകുത്തി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി. ആളുകൾ ചെന്ന് അവരെ കെട്ടിപ്പുണരുന്നതിന്റെയും കണ്ണീർ വാർക്കുന്നതിന്റെയും ദൃശ്യങ്ങൾ ഹൃദയങ്ങൾ കീഴടക്കി. ചിലയിടങ്ങളിൽ "ടെയ്ക്ക് എ നീ" (മുട്ട് കുത്തുക) എന്നായി സമരക്കാരുടെ ആവശ്യം. മടി കൂടാതെ പോലീസ് അത് ചെയ്തപ്പോൾ ജനക്കൂട്ടം കരഘോഷം മുഴക്കി. അക്രമങ്ങൾക്ക് ഏറെക്കുറെ അറുതി വന്നു തുടങ്ങി.
2016 ൽ സാൻഫ്രാൻസിസ്‌കോയിൽ ഒരു ഫുട്ബോൾ മത്സരത്തിനു മുൻപ് ദേശീയഗാനം പാടിക്കൊണ്ടിരുന്നപ്പോൾ കോളിൻ കേപ്പർനിക്ക് എന്ന കളിക്കാരൻ അമേരിക്കയിൽ ഇപ്പോഴും തുടരുന്ന വർണ്ണ വിവേചനത്തിനെതിരെ പ്രതിഷേധ സൂചകമായി ഗ്രൗണ്ടിൽ ഒരു മുട്ട് മടക്കി നിൽക്കുകയുണ്ടായി. അതിനു ശേഷം എല്ലാവരും നിൽക്കുമ്പോൾ ചിലർ മുട്ട് മടക്കി നിൽക്കുന്നത് പ്രതിഷേധ രീതിയായി കരുതിപ്പോന്നിരുന്നു. ഇപ്പോൾ പലയിടത്തും ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിലുള്ള പ്രതിഷേധം ഇത്തരത്തിലായി മാറിക്കഴിഞ്ഞു. പോലീസും അവരോട് ചേർന്ന് മുട്ടുകൾ മടക്കി ഐക്യദാർഢ്യം രേഖപ്പെടുത്തുമ്പോൾ കത്തി നിൽക്കുന്ന സമരാഗ്നി തണുത്ത് തുടങ്ങി.
ലോകം ഇന്നോളം കണ്ടെത്തിയ ഏറ്റവും ശക്തമായ ആയുധമേതെന്നോ? അത് ക്ഷമയാണ്, നിരുപാധികമായ ക്ഷമ. മാരക ശേഷിയുള്ള അണു ബോംബിനേക്കാൾ ശത്രുവിനെ കീഴടക്കാനാകുന്ന മാന്ത്രികായുധമാണത്. മനുഷ്യന് പറയാൻ സാധിക്കുന്ന ഏറ്റവും പവിത്രമായ വാക്ക് ഏതെന്നറിയാമോ? "സോറി" എന്ന വാക്കാണ്. പറയേണ്ട സമയത്ത് ആത്മാർഥമായി പറഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. ഒരുവന് സ്വീകരിക്കാവുന്ന ഏറ്റവും ശ്രേഷ്‌ഠമായ പൊസിഷൻ ഏതെന്നോ? മുട്ട് മടക്കി നിൽക്കലാണ്; അത് ദൈവത്തിന്റെ മുന്നിലായാലും മനുഷ്യന്റെ മുന്നിലായാലും. അങ്ങനെ ചെയ്യുന്നത് തോൽവിയുടെ അടയാളമാണെന്നു കരുതി വിലകുറച്ച് കാണേണ്ടതില്ല. അത് ആഴമേറിയ ചില ജീവിത ബോദ്ധ്യങ്ങളുടെ ബാഹ്യ പ്രകടനമാണ്. തന്റെ ഉയരം അറിയാവുന്ന ഒരാൾക്കേ മറ്റൊരാളുടെ മുൻപിൽ താഴാൻ പറ്റൂ. ആന്തരിക വലിപ്പം ഉള്ളവർക്ക് മാത്രമേ ചെറുതാക്കാൻ പറ്റൂ. യഥാർത്ഥ ജീവിത വിജയം സിദ്ധിച്ചവർക്കു മാത്രമേ ജയിക്കാമായിരുന്നിട്ടും മറ്റൊരാൾക്ക് മുന്നിൽ തോറ്റു കൊടുക്കാനാവൂ. ലോകത്തിന്നോളമുണ്ടായിട്ടുള്ള സകല യുദ്ധങ്ങളുടെയും ഉത്ഭവം എന്തിൽ നിന്നാണെന്ന് അന്വേഷിച്ചു നോക്കൂ. ആരോ ഒരാൾ "സോറി" എന്ന ഒരു വാക്കു പറയാൻ മടി കാണിച്ചിടത്ത് നിന്നാണ്. ഏതോ ഒരാൾ ഒന്ന് തോറ്റു കൊടുക്കാനും ചെറുതാകാനും തയ്യാറാകാഞ്ഞതുകൊണ്ടാണ്. വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സമൂഹത്തിലുമൊക്കെ ഉടലെടുക്കുന്ന അസമാധാനങ്ങൾക്കൊക്കെ തുടക്കം അവിടെ നിന്ന് തന്നെയാണ്.
വൈറ്റ് ഹൌസിലേക്ക് പ്രതിഷേധവുമായി വന്നാൽ വേട്ടപ്പട്ടികളെ വിട്ടു നേരിടും എന്നാണുരാജ്യത്തെങ്ങും അക്രമങ്ങൾ നടക്കുമ്പോൾ ട്രംപ് പ്രതികരിച്ചത്. "ശത്രുക്കളെ സ്നേഹിക്കുവിൻ" എന്ന ലോക ഗുരുവിന്റെ പ്രമാണം തന്നെയാണ് സകല അസമാധാനങ്ങളെയും നേരിടാനുള്ള ഒറ്റമൂലി എന്ന് ലോകം ഇനിയും എന്ന് തിരിച്ചറിയും! തന്നെ കഴുമരത്തിലേറ്റിയവരോടും ക്ഷമിച്ച് അനുഗ്രഹിച്ച് പ്രാർഥിച്ചത് കൊണ്ടാണ് അവൻ ലോകം കണ്ട ഏറ്റവും വലിയ വിജയി ആയത്. ശത്രുവിനെ ആയുധം കൊണ്ടും മറുവാക്കുകൾ കൊണ്ടും പരാജയപ്പെടുത്താമെന്നു കരുതുന്നത് മൗഢ്യമാണെന്നു ചരിത്രം എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു. സ്നേഹത്തിനു കീഴ്പ്പെടുത്താനാവും വിധം മറ്റൊന്നിനും ആരെയും കീഴ്പ്പെടുത്താനാവില്ലതന്നെ.
അതേ, ഒരുവൻ തന്റെ അധികാരം പ്രകടിപ്പിക്കാൻ മറ്റൊരുവന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയിടത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ട അശാന്തിയുടെ അഗ്നി മറ്റൊരുവൻ തന്റെ സ്‌ഥാനവും അധികാരവും മറന്ന് കാൽമുട്ട് മടക്കിയിടത്ത് വച്ച് കണ്ടു നിന്നവരുടെ മിഴിനീർക്കണങ്ങൾ വീണു കെട്ടടങ്ങിത്തുടങ്ങിയിരിക്കുന്നു. സുഹൃത്തേ, ക്ഷമ ചോദിക്കുന്നതും കൊടുക്കുന്നതുമാണ് മനുഷ്യർക്കിടയിൽ ഇന്നോളം നടന്നിട്ടുള്ള ഏറ്റവും മൂല്യമുള്ള വിനിമയങ്ങൾ. മുട്ടുകൾ മടക്കുന്നത് ഇനിമേൽ തോൽവിയുടെയോ, പ്രതിഷേധത്തിന്റെയോ എന്നതിലുപരി ഏറ്റവും വലിയ വിജയത്തിന്റെ അടയാളമാണ്. വിൻസന്റ് ടവലാരോ ഞങ്ങൾ താങ്കൾക്ക് മുന്നിൽ ഒന്ന് മുട്ടുകൾ മടക്കിക്കോട്ടെ?
No comments:
Post a Comment