അരി മേടിക്കാൻ റേഷൻ കടയുടെ മുന്നിൽ ക്യൂ നിൽക്കുമ്പോഴാണ് മൊബൈൽ റിങ് ചെയ്തത്. മറുതലയ്ക്കൽ നിന്ന് ഹിന്ദിയിലുള്ള സംസാരം മനസ്സിലാകാതെ വന്നപ്പോൾ അരികിൽ കണ്ട ഓട്ടോക്കാരന്റെ കയ്യിൽ ഫോൺ നൽകി സംസാരിക്കാനാവശ്യപ്പെട്ടു. അയാൾ പറഞ്ഞറിഞ്ഞ വാർത്തകേട്ട് വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന് പോയി ആ മനുഷ്യൻ. രാജ്യത്തെ പൗരന്മാർക്ക് നൽകുന്ന വിശിഷ്ട ബഹുമതിയായ പത്മശ്രീക്ക് അർഹരായവരുടെ ലിസ്റ്റിൽ തന്റെ പേരും ഉൾപ്പെട്ടിരിക്കുന്നു! റിപ്പബ്ലിക് ദിന ചടങ്ങിൽ രാജ്യ തലസ്‌ഥാനത്തെത്തി രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങണമത്രേ. മംഗലാപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൊട്ടയിൽ ഓറഞ്ചു കൊണ്ടുനടന്നു വിറ്റ് കുടുംബം പുലർത്തിവന്ന തനിക്ക് ഇത്ര വലിയ ഒരു ആദരവ് ലഭിച്ചത് അയാളെ വിസ്മയിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാൽ, 2020 ജനുവരി മാസത്തിലെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചത് വെറുതെയല്ല. അത്രമേൽ പ്രചോദനാത്മകമാണ് ഹരേക്കള ഹജബ്ബ എന്ന എഴുപതു വയസ്സുകാരനായ മനുഷ്യന്റെ ജീവിതകഥ.
മംഗലാപുരത്ത് നിന്നും ഇരുപതു കിലോമീറ്ററോളം അകലെയുള്ള ന്യൂപടുപ്പ് എന്ന കുഗ്രാമത്തിൽ ജനിച്ച ഹജബ്ബയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചില്ല. തന്റെ ഗ്രാമത്തിൽ ഒരു വിദ്യാലയം ഇല്ലാത്തതും നഗരത്തിൽ പോയി വിദ്യാഭ്യാസം നടത്താൻ സാമ്പത്തികമില്ലാത്തതുമായിരുന്നു കാരണം. യവ്വനത്തിലെത്തിയപ്പോൾ കുടുംബം പുലർത്താൻ ഗ്രാമവാസികൾ പലരുംചെയ്യുന്നതുപോലെ മംഗലാപുരം നഗരത്തിൽ തൊഴിലന്വേഷിച്ചു ചെന്നു ഹജബ്ബ. മൊത്തക്കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഓറഞ്ചു വാങ്ങി കുട്ടയിൽ ചുമന്ന് ബസ് സ്റ്റാൻഡിലും തെരുവോരങ്ങളിലും നടന്നു വിറ്റ് വൈകിട്ട് തിരികെ മടങ്ങും. ഗ്രാമത്തിലേക്ക് വാഹന സൗകര്യങ്ങൾ കുറവായിരുന്നതിനാൽ കിലോമീറ്ററുകൾ നടന്ന് ക്ലേശകരമായ അധ്വാനത്തിനൊടുവിൽ വീട്ടിലെത്തുമ്പോൾ നേരമിരുട്ടും. എങ്കിലും ഓറഞ്ചു വിറ്റ് കിട്ടുന്ന ചെറിയ ലാഭത്തിൽ പട്ടിണിയില്ലാതെ ജീവിതം നയിച്ചുവരവെ തനിക്കുണ്ടായ ഒരനുഭവം ഹജബ്ബയെ പിടിച്ചുലച്ചു.
തെരുവിൽ ഓറഞ്ചു വിൽക്കുന്നതിനിടെ ഒരു നാൾ വിദേശികളായ ദമ്പതികൾ അരികിലെത്തി ഓറഞ്ചിന് വിലയെത്ര എന്ന് തിരക്കി. തുളുവും ബ്യാരി ഭാഷയും മാത്രമറിയാവുന്ന ഹജബ്ബ ഇംഗ്ലീഷിലുള്ള ചോദ്യം മനസ്സിലാകാതെ കുഴങ്ങി. അവർ മറ്റൊരു കച്ചവടക്കാരന്റെ അരികിലേക്ക് നീങ്ങി. വിദ്യാഭ്യാസമില്ലാത്തതിനാലാണ് തനിക്ക് ഇത് സംഭവിച്ചതെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്‌ഥനാക്കി. അന്ന് വൈകിട്ട് വീട്ടിലെത്തിയ ഹജബയ്ക്ക് ഉറക്കം വന്നില്ല. തനിക്കുണ്ടായ ഈ ഗതി തന്നെ ഗ്രാമത്തിലുള്ള അടുത്ത തലമുറയ്ക്കും ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് അദ്ദേഹം തീരുമാനമെടുത്തു. എന്നാൽ, സമൂഹത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത, ദിവസവും കഷ്ടി 150 രൂപ മാത്രം വരുമാനമുള്ള പാവപ്പെട്ട ഒരു ഓറഞ്ചു വിൽപ്പനക്കാരനെ കൊണ്ട് എന്ത് ചെയ്യാനാവും! "അണ്ണാറക്കണ്ണനും തന്നാലായത്" എന്ന് പറയുംപോലെ തന്നാലായത് ചെയ്യാൻതന്നെ അയാൾ നിശ്ചയിച്ചു. പിറ്റേന്നുതന്നെ ഗ്രാമത്തിലുള്ള പള്ളിക്കമ്മിറ്റിയിൽ തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. ഗ്രാമത്തിൽ ഒരു കൊച്ചു സ്‌കൂൾ തുടങ്ങേണ്ടതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. മദ്രസയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറി ക്ലാസ് മുറിയായി മാറ്റാൻ കമ്മിറ്റിയംഗങ്ങളെ സമ്മതിപ്പിച്ചെടുത്തു. ഇനി അദ്ധ്യാപകൻ വേണം, കുട്ടികൾ വേണം. നാളുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഗ്രാമത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഒരു മനുഷ്യൻ തന്റെ കുറച്ചു സമയം മാറ്റി വയ്ക്കാമെന്നു സമ്മതിച്ചു. കുട്ടികളെ എത്തിക്കലായിരുന്നു ഹജബ്ബയ്ക്ക് ഏറെ ക്ലേശകരമായിത്തീർന്നത്. ഗ്രാമത്തിൽ സ്‌കൂൾ ഇല്ലാത്തത് അവസരമായിക്കണ്ട് കളിച്ചുല്ലസിച്ചു നടന്ന കുട്ടികളുണ്ടോ ക്‌ളാസിൽ വരാൻ തയ്യാറാകുന്നു. എന്നാൽ, വീട് കയറി നടന്നു പ്രേരണ ചെലുത്തി വിരലിലെണ്ണാവുന്ന കുട്ടികളെ സംഘടിപ്പിച്ച് കൊണ്ടുവന്നിരുത്തി ക്ലാസ്സ് ആരംഭിച്ചു.
തുടർന്നങ്ങോട്ട് നടന്നതൊക്കെ വിസ്മയങ്ങളായിരുന്നു. നിങ്ങൾക്കൊരു ഉറച്ച ലക്ഷ്യവും പോരാടാനുള്ള ആത്മവിശ്വാസവുമുണ്ടെങ്കിൽ പ്രപഞ്ചം മുഴുവൻ നിങ്ങളെ വിജയിപ്പിക്കാൻ ഗൂഡാലോചന നടത്തും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ അന്വർഥമാക്കും വിധം അഭൂതപൂർവ്വമായ രീതിയിൽ ഹജബ്ബയുടെ കൊച്ചു ക്ലാസ്സ് മുറി പിന്നീട് വിസ്മയം തീർത്തു. 1999 ൽ തുടക്കമിട്ട ഈ സംരംഭം കുട്ടികളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ കണ്ട ഗ്രാമവാസികൾ പലരും ഹജബ്ബയ്ക്ക് തങ്ങളാലാവുന്ന പിന്തുണയുമായെത്തി. കുട്ടികളുടെ എണ്ണം ക്ലാസ്സ് മുറിയിൽ കൊള്ളാതെ വന്നപ്പോൾ പുതിയ കെട്ടിടം പണിയുന്നതിനെക്കുറിച്ചായി ചിന്ത. ഓറഞ്ചു വിറ്റു കിട്ടുന്ന തുച്ഛമായ തുകയിൽ നിന്ന് മിച്ചം വച്ച് അധ്യാപകന് നാമ മാത്രമായ പ്രതിഫലം നല്കിപ്പോന്ന ഹജബ്ബ എങ്ങനെ സ്‌കൂൾ കെട്ടിടം പണിയാനാണ്! എന്നാൽ, സ്‌കൂളുണ്ടാവേണ്ടതിന്റെ ആവശ്യകത പലരെയും പറഞ്ഞു ബോധ്യപ്പെടുത്തി നാളുകളുടെ ശ്രമഫലമായി പരിമിതമായ സൗകര്യങ്ങളുള്ള കൊച്ചു സ്‌കൂൾ കെട്ടിടം പണിതീർത്തു. അതിരാവിലെ വന്ന് സ്‌കൂളും പരിസരവും ഹജബ്ബ തന്നെ അടിച്ചു വാരി വൃത്തിയാക്കിയിടും. കുട്ടികൾക്ക് കുടിക്കാൻ വെള്ളം കൊണ്ട് വന്നു വയ്ക്കും. ഇത്തരത്തിൽ സ്‌കൂളിലെ തന്റെ ജോലികൾ പൂർത്തിയാക്കിയ ശേഷം ഓറഞ്ചു വിൽക്കാൻ പട്ടണത്തിലേക്കു പോകും. വൈകിട്ട് തിരിച്ചു വന്നു വീണ്ടും സ്‌കൂളിലേക്ക് പോകും. ഇങ്ങനെ ഹജബയുടെ ജീവിതത്തിന്റെ ഭാഗമായി മാറി ആ കൊച്ചു സ്‌കൂൾ.
ഈ നാളുകളിലൊക്കെ ഹജബ ഒരു കാര്യം ചെയ്യുന്നുണ്ടായിരുന്നു. ഗ്രാമത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഓഫിസ് നിരന്തരം കയറിയിറങ്ങി തന്റെ ഗ്രാമത്തിലെ വിദ്യാഭ്യാസ സംബന്ധമായ പിന്നോക്കാവസ്‌ഥ അധികാരികളെ ബോധ്യപ്പെടുത്തി ഒരു സ്‌കൂൾ അനുവദിച്ചു തരാൻ അപേക്ഷകൾ സമർപ്പിച്ചു കൊണ്ടിരുന്നു.എന്നാൽ, ഉദ്യോഗസ്‌ഥരാരും അദ്ദേഹത്തെ ഗൗരവത്തിലെടുത്തില്ലെന്നു മാത്രമല്ല പലപ്പോഴും വല്ലാതെ അവഹേളിച്ചു വിടുകയും ചെയ്തു. വെറുമൊരു വഴിയോര ഓറഞ്ചു വില്പനക്കാരന്റെ വാക്കുകൾക്ക് ആര് വിലകല്പിക്കാനാണ്! എന്നാൽ ഹജബ്ബ തോറ്റു പിന്മാറാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ നിതാന്ത പരിശ്രമങ്ങൾ ഒടുവിൽ ഫലം കണ്ടു. 2008 ൽ ദക്ഷിണ കന്നഡ ജില്ലയിൽ 21 പുതിയ സ്‌കൂളുകൾ അനുവദിച്ചവയിൽ ഒന്ന് ന്യൂപടുപ്പ് ഗ്രാമത്തിനു ലഭിച്ചു. സ്‌കൂൾ പണിയാൻ ഗവണ്മെന്റ് സ്‌ഥലം വിട്ടു നൽകി. അങ്ങനെ 125 കുട്ടികളും നാല് അധ്യാപകരുമായി ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഹയർ പ്രൈമറി സ്‌കൂൾ സ്‌ഥാപിതമായി. സ്‌കൂളിന്റെ ഉദ്ഘാടനം ഗ്രാമത്തിന് ഉത്സവം പോലെയായിരുന്നു. എല്ലാവരും ഹജബ്ബയുടെ സ്‌ഥിരോത്സാഹത്തെ മുക്തകണ്ഠം പ്രശംസിച്ചു.
2012 ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ പതിയെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റി. BBC ഹജബ്ബയെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഒരു കന്നഡ ദിനപത്രം അദ്ദേഹത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി പ്രഖ്യാപിച്ചു. CNN- IBN ചാനൽ റിയൽ ഹീറോ അവാർഡ് നൽകി ആദരിച്ചു. അവർ സമ്മാനമായി നൽകിയ 5 ലക്ഷം രൂപ സ്വന്തം ആവശ്യങ്ങൾക്കുപയോഗിക്കാതെ സ്‌കൂളിന് കുറച്ചുകൂടി സ്‌ഥലം വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. മംഗലാപുരം, ധാവനഗരേ, കുവെംപ് തുടങ്ങിയ യൂണിവേഴ്‌സിറ്റികൾ ഹജബ്ബയുടെ ജീവിത കഥ ഡിഗ്രി വിദ്യാർഥികളുടെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തി. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളിൽ എട്ടാം ക്ലാസിലും പത്താം ക്ലാസിലും ഹജബയെക്കുറിച്ച് പഠിക്കാനുണ്ട്. "ഹരേക്കള ഹജബ ജീവന ചരിത്രേ" എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിത കഥ പുസ്തകമായും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് 2020 ലെ റിപ്പബ്ലിക് ദിനത്തിൽ പദ്മശ്രീ അവാർഡ് നൽകി രാഷ്ട്രം അദ്ദേഹം ഒരു നാടിനു നൽകിയ മഹത്തായ സംഭാവനയെയും ലോകത്തിനു നൽകിയ പ്രചോദനത്തെയും ആദരിച്ചത്.
തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെങ്കിലും പരിശ്രമങ്ങൾ അവിടം കൊണ്ട് നിർത്താൻ ഹജബ തയ്യാറായിട്ടില്ല. ദിവസവും അതിരാവിലെയെണീറ്റ് സ്‌കൂളിലെത്തി മുൻപ് ചെയ്തു പോന്ന പതിവ് ഇന്നും തുടർന്നു പോരുന്നു. വാതിലുകളും ജനലുകളുമൊക്കെ തുറന്നിട്ട് ക്ലാസ്സ് മുറികളും വരാന്തയും സ്വന്തം കൈ കൊണ്ട് അടിച്ചു വാരി വൃത്തിയാക്കി കുട്ടികൾക്ക് കുടിക്കാൻ വെള്ളവും തിളപ്പിച്ച് വച്ച ശേഷമാണ് ഇപ്പോഴും അദ്ദേഹം ഓറഞ്ചു വില്പനയ്ക്ക് പോകുന്നത്. വൈകിട്ട് തിരിച്ചെത്തിയാലുടൻ സ്‌കൂളിൽ വന്ന് അധ്യാപകരുടെയും കുട്ടികളുടെയും ക്ഷേമം അന്വേഷിക്കുകയും പരാതികൾ സശ്രദ്ധം കേൾക്കുകയും ചെയ്യും. കുട്ടികളെ പ്രചോദിപ്പിക്കാനായി ഓരോ ക്ലാസ്സ് മുറികൾക്കും ഹജബ്ബ ഗാന്ധിജി, അംബേദ്ക്കർ, നെഹ്‌റു, കല്പനാ ചൗള എന്നിങ്ങനെ പ്രശസ്തരുടെ പേരുകളിട്ടു. "അക്ഷര വിശുദ്ധൻ" എന്നാണ് അദ്ദേഹത്തെ വാത്സല്യപൂർവ്വം നാട്ടുകാരും കുട്ടികളും വിളിക്കുന്നത്. സ്‌കൂളിനെ തന്റെ വീടിനേക്കാൾ പ്രിയപ്പെട്ടതായി കരുതുന്ന ഹജബ്ബ ഇനിയും സ്വന്തമായി ഒരു വീട് നിർമ്മിച്ചിട്ടില്ല എന്നത് എത്ര മാത്രം നിസ്വാർഥമായാണ് അദ്ദേഹം സേവനം ചെയ്യുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ്. സ്‌കൂളിനെ ഒരു പ്രീ യൂണിവേഴ്‌സിറ്റി കോളേജ് ആക്കി ഉയർത്താനുള്ള പരിശ്രമത്തിലാണ് ഹജബ്ബ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. പത്മശ്രീ ലഭിച്ചെങ്കിലും വളരെ വിനയാന്വിതനായി, വന്ന വഴികൾ മറക്കാതെ ലളിത ജീവിതം നയിച്ചു പോരുന്ന ഈ മനുഷ്യൻ ഗ്രാമ വാസികൾക്കൊക്കെ വിസ്മയമാണ്.
"എന്നെക്കൊണ്ട് എന്ത് ചെയ്യാനാവും"? എന്ന ചോദ്യത്തിന് മുൻപിൽ "ഒന്നും ചെയ്യാനാവില്ല" എന്ന് എന്തെങ്കിലും ഒഴികഴിവുകൾ കണ്ടെത്തി ഉത്തരം നൽകി അവനവന്റെതന്നെ ജീവിതത്തിലേക്ക് ചുരുണ്ടു കൂടാനാണ് പലർക്കും ഇഷ്ടം. "ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് ഒരു ചെറു തിരിയെങ്കിലും കൊളുത്തുന്നതാണ്" എന്ന് വിസ്മരിക്കരുത്. ലോകത്ത് മഹത്തായ സംരംഭങ്ങൾക്ക് തുടക്കമിട്ടവരൊന്നും എല്ലാം തികഞ്ഞവരോ സാധ്യതകളെല്ലാം ഉണ്ടായിരുന്നവരോ ആയിരുന്നില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരെത്തേടി അവസരങ്ങളും സാധ്യതകളും ഇങ്ങോട്ടു വരികയാണുണ്ടാകുക. ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറണമെങ്കിൽ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ലല്ലോ. ആദ്യ ചുവടിൽ മാത്രം ആത്മവിശ്വാസത്തിന്റെ വെളിച്ചമുണ്ടായാൽ മതി ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞുകൊള്ളും. കേവലം ഒരു ചിന്തയിൽ നിന്നുണ്ടായ തീപ്പൊരി ഊതിത്തെളിച്ച് അക്ഷരജ്ഞാനത്തിന്റെ അഗ്നി തന്റെ ഗ്രാമത്തിനും പ്രചോദനത്തിന്റെ വെളിച്ചം രാഷ്ട്രത്തിനും പകർന്ന ഹരേക്കള ഹജബ്ബ എന്ന വ്യക്തി മനുഷ്യന്റെ ഇച്ഛാശക്തിയിൽ വിശ്വസിക്കുന്നവർക്കൊക്കെ വഴികാട്ടിയാണ്.
ഫാ. ജോസഫ് കുമ്പുക്കൽ
(സാബു തോമസ് )
S. H. കോളേജ് തേവര
achansabu@gmail.com