ചുവട്ടിൽ വെള്ളമൊഴിച്ചു കൊടുത്തു വളർത്തിയ ഒരു ചെടിയും ഇന്നേ വരെ വൻ വൃക്ഷങ്ങൾ ആയിട്ടില്ല. സ്വന്തം വേരുകൾ കൊണ്ട് വെള്ളം അന്വേഷിച്ചു കണ്ടെത്തിയ ചെടികളാണ് വൻ വൃക്ഷങ്ങൾ ആയിട്ടുള്ളത്"
വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. നമ്മൾ ഏറ്റവുമധികം വെള്ളമൊഴിച്ചു പരിചരിച്ചു വളർത്തുന്നത് എന്തിനെയാണ് എന്നാലോചിച്ചിട്ടുണ്ടോ ? വാഴയെയാണ് . തടമെടുത്ത് വെള്ളമൊഴിച്ച് വളമിട്ട് വളർത്തുന്ന വാഴ മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് പെട്ടന്ന് വളരുന്നുണ്ട്, വേഗം ഫലവും തരും. എന്നാൽ, ഒരു കാറ്റ് വന്നാൽ പറമ്പിൽ ആദ്യം മറിഞ്ഞു വീഴുന്നത് വാഴയാണ്. എന്താണതിനു കാരണം? ധാരാളം വെള്ളം ചുവട്ടിൽ തന്നെ ദിനവും കിട്ടിയത് കൊണ്ട് വാഴയ്ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. അതുകൊണ്ടു തന്നെ വെള്ളം തേടി മണ്ണിലേക്ക് അധികം വേര് ആഴ്ത്തിയതുമില്ല. തായ്‌വേര് ഉണ്ടായില്ല. അതിന്റെ ആവശ്യമേ തോന്നിയില്ലതന്നെ. വേരുകൾക്ക് ബലം കുറവായിരുന്നതു കൊണ്ടാണ് കാറ്റത്ത് അതിനു പിടിച്ച് നിൽക്കാൻ കഴിയാതെ പോയത്.
എന്നാൽ, കാട്ടിൽ ഒരു ചെടി വളർന്നു വരുന്നുണ്ടായിരുന്നു. അതിന് ആരും വെള്ളമൊഴിച്ച് കൊടുക്കാൻ ഇല്ലായിരുന്നു. വളമിട്ട് കൊടുക്കാൻ ഇല്ലായിരുന്നു. കൊടിയ വേനലിൽ കരിഞ്ഞുണങ്ങി പോകുമെന്ന് തോന്നിയപ്പോൾ അത് ജലം തേടി തായ്‌വേര് മണ്ണിലേക്കാഴ്ത്തി. മറ്റു വേരുകൾ ജലമന്വേഷിച്ച് ചുറ്റുപാടും ദൂരേയ്ക്ക് പടർത്തി. പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടുകയറി. സാവധാനം വളർന്ന് ഒരു വട വൃക്ഷമായി മാറി. കാറ്റ് വന്ന് അതിനെ ആടിയുലച്ചു. എന്നാൽ, അത് കൂസലന്യേ അനേകം കൊടുങ്കാറ്റുകളെ അതിജീവിച്ചു. കാരണം പ്രതിസന്ധികളെ അഭിമുഖീകരിച്ച് വളർന്നതിനാൽ അതിന് ഉറച്ച കാതൽ രൂപപ്പെട്ടിരുന്നു. വേരുകൾ ദൃഢമായി ആഴത്തിലും ചുറ്റിലും മണ്ണിലും പാറക്കെട്ടുകളിലും അള്ളിപ്പിടിച്ചിരുന്നു.
"ഞാനോ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിച്ചാണ് വളർന്നത്. എന്റെ മക്കൾ അതുകൊണ്ട് ഒരു ബുദ്ധിമുട്ടും അറിയരുതെന്ന് കരുതി യാതൊരു അല്ലലും അലച്ചിലും അറിയിക്കാതെയാണ് ഞാൻ അവരെ വളർത്തിക്കൊണ്ടു വരുന്നത്". ചില മാതാപിതാക്കന്മാർ അഭിമാനത്തോടെ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവർ കുട്ടികളോട് ചെയ്യുന്നത് വലിയ അപരാധമാണ്. ചെറിയ ഒരു പ്രതിസന്ധിയോ നാണക്കേടോ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സ്‌കൂൾ വിദ്യാർഥികൾ മാത്രമല്ല കോളേജ് വിദ്യാർഥികൾ പോലും ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടുന്ന എത്രയോ സമകാലിക സംഭവങ്ങൾക്ക് നമ്മൾ ഇതിനോടകം സാക്ഷ്യം വഹിച്ചു. പ്രണയം തകർന്നതിന്, പരീക്ഷയിൽ പരാജയപ്പെട്ടതിന്, ഫുൾ എ പ്ലസ് കിട്ടാത്തതിന്, അമ്മ വഴക്കു പറഞ്ഞതിന്, അപ്പൻ മൊബൈൽ ഫോൺ വാങ്ങിച്ചു വച്ചതിന്, പരീക്ഷയിൽ കോപ്പിയടി പിടിച്ചതിന് ...കഴിഞ്ഞ തലമുറ നിസ്സാരമായി അഭിമുഖീകരിച്ചിരുന്ന ഇത്തരം കാര്യങ്ങൾക്ക് മുന്നിൽ പെട്ടന്ന് വാടിത്തളർന്നു പോകുകയാണ് നമ്മുടെ മക്കൾ. ജീവനൊടുക്കിയ ഒരു പെൺകുട്ടി അങ്ങനെ ചെയ്യില്ലാ എന്നതിന് മാതാപിതാക്കൾ പറഞ്ഞ കാരണം അത്ഭുതപ്പെടുത്തി: "അവൾ അങ്ങനെയൊന്നും ചെയ്യാൻ ധൈര്യമുള്ള കുട്ടിയല്ല. അവൾക്ക് മുടി ചീകിക്കെട്ടിക്കൊടുത്തിരുന്നത് പോലും അമ്മയാണ്. അവളെ ആരോ അപായപ്പെടുത്തിയതാവണം".
ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും പരുപരുത്ത വശങ്ങളും കുഞ്ഞുങ്ങൾ അറിഞ്ഞു വളരട്ടെ. ചോദിക്കുന്നതെല്ലാം വാങ്ങിച്ചു കൊടുത്ത് അവരെ പ്രീണിപ്പിക്കരുത്. പണമുണ്ടാക്കാനുള്ള ബുദ്ധിമുട്ട് അവരറിയണം. അമേരിക്കയിലും മറ്റും ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളെ സ്വയം അദ്ധ്വാനിച്ച് പണം സമ്പാദിക്കാൻ പരിശീലിപ്പിക്കാറുണ്ട്. സ്‌കൂൾ സമയത്തിനു ശേഷം റെസ്റ്ററന്റുകളിലും സൂപ്പർ മാർക്കറ്റിലുമൊക്കെ സഹായിച്ച് അവർ അദ്ധ്വാനത്തിന്റെ വിലയറിയാൻ നിർബന്ധിതരാകും. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റ് ആയിരിക്കെത്തന്നെ അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകൾ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന ചിത്രം വാർത്തയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനവാനായ ബിൽ ഗേറ്റ്സ് തന്റെ സമ്പാദ്യത്തിൽ ഏറിയ പങ്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചിരിക്കുകയാണെന്നറിഞ്ഞു. മക്കൾക്ക് വളരെക്കുറച്ച് മാത്രമേ ഓഹരിയായി നല്കുന്നുവുള്ളത്രേ. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "അവർക്കു ഞാൻ നല്ല വിദ്യാഭ്യാസവും അടിയുറച്ച ദൈവ വിശ്വാസവും നൽകി. ഇനിയുള്ളത് അവർ തന്നെ അദ്ധ്വാനിച്ച് നേടിയെടുക്കട്ടെ. എങ്കിലേ അവർക്ക് ആത്മാഭിമാനം തോന്നുകയുള്ളൂ ".
ഗുജറാത്തിലെ കോടീശ്വരനായ സാവ്ജി ധൊലാക്കിയ തന്റെ ഇരുപത്തൊന്നു വയസ്സുകാരൻ മകൻ ദ്രവ്യയെ മൂന്നു ജോഡി ഡ്രസ്സും അത്യാവശ്യം വന്നാൽ മാത്രം ഉപയോഗിക്കാൻ കുറച്ചു മാത്രം പണവും നൽകി ഒരു മാസത്തേക്ക് കേരളത്തിലേക്ക് പറഞ്ഞയച്ചത് വായിച്ചതോർക്കുക. കൊച്ചിയിലെ ഒരു കുടുസ്സു മുറിയിൽ താമസിച്ച് ബേക്കറികളിലും റെസ്റ്ററന്റുകളും ജോലി ചെയ്ത് ഒരു മാസം പിന്നിട്ട് തിരിച്ചു വീട്ടിലെത്തിയ ദ്രവ്യ പുതിയ മനുഷ്യനായി മാറിയിരുന്നുവത്രെ. നാട്ടിലെ റയിൽവേ സ്റ്റേഷനിൽ തിരികെ വണ്ടിയിറങ്ങിപ്പോയപ്പോൾ ദാഹിച്ച് കുപ്പി വെള്ളം വാങ്ങിക്കുടിക്കാൻ തോന്നിയത് വേണ്ടെന്നു വച്ച് സ്റ്റേഷനിലെ കുടിവെള്ള സംവിധാനത്തിൽ നിന്ന് വെള്ളം കുടിച്ചത് കുപ്പി വെള്ളത്തിന്റെ വിലയായ പതിനഞ്ചു രൂപയുടെ മൂല്യം അറിഞ്ഞത് കൊണ്ടാണെന്നു ദ്രവ്യ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞത് വായിക്കാനിടയായി. വീട്ടിലെത്തിയ ഉടനെ അവൻ ആദ്യം ചെയ്തത് എന്തെന്നോ? ആഡംബര ഷൂസുകളുടെ വലിയ കളക്ഷൻ അവനുണ്ടായിരുന്നു. അത് എടുത്ത് പാവങ്ങൾക്ക് വിതരണം ചെയ്തു. "ഇനി എനിക്ക് ഏതു ലളിതമായ സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും ജീവിക്കാനാകും" തന്റെ അനുഭവങ്ങൾ പങ്കു വച്ചുകൊണ്ട് അവൻ പറയുന്നു. കോടിക്കണക്കിനു രൂപ സമ്പാദ്യമായി നൽകുന്നതിനേക്കാൾ തന്റെ മകന് നൽകാനാവുന്ന ഏറ്റവും വലിയ സമ്പാദ്യം ഇതുപോലുള്ള ജീവിത മൂല്യങ്ങളാണെന്ന് ആ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ടാവും. അവനെ ഓർത്ത് ഇനി അയാൾക്ക് ദുഃഖിക്കേണ്ടി വരാനിടയില്ല.
അവധി ദിവസങ്ങളിൽ കുട്ടികളെയും കൂട്ടി ഷോപ്പിംഗ് മാളുകളിലും ടൂറിസ്റ്റു സ്പോട്ടുകളിലും ബീച്ചുകളിലുമൊക്കെ ചുറ്റാൻ പോകുന്നവരുണ്ട്. ചില കുട്ടികൾ കണ്ടു വളരുന്നത് ജീവിതത്തിന്റെ ഇത്തരത്തിലുള്ള ആഘോഷങ്ങളും ആഡംബരങ്ങളും നിറഞ്ഞ മുഖങ്ങൾ മാത്രമാണ്. മനുഷ്യ ജീവിതത്തിന്റെ മറു വശങ്ങളും കൂടി അവരെ പരിചയപ്പെടുത്തേണ്ടതുണ്ട്. കൊട്ടാരത്തിനകത്ത് സർവ്വ സുഖങ്ങളും അനുഭവിച്ചു വളർന്ന സിദ്ധാർത്ഥ രാജകുമാരൻ ശ്രീബുദ്ധനായത് അങ്ങനെയാണല്ലോ. കുടുംബം ഒന്നിച്ച് ഒരു അനാഥ മന്ദിരമോ വൃദ്ധ മന്ദിരമോ ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഭവനങ്ങളോ സന്ദർശിച്ച് കുറച്ച് സമയം അവിടുത്തെ അന്തേവാസികൾക്കൊപ്പം ചിലവഴിക്കുക. അല്ലെങ്കിൽ ഒരു ആസ്പത്രിയുടെ ക്യാൻസർ വാർഡ് സന്ദർശിച്ച് രോഗികളോട് സംസാരിച്ച് അവരെ ആശ്വസിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ തിരിച്ചറിയാൻ നിശ്ചയമായും സഹായിക്കും. സ്‌കൂളുകളിലും കോളേജുകളിമൊക്കെ ഇത്തരം സന്ദർശനങ്ങൾ പാഠ്യ പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നതും നല്ലതാണ്.
ഇത്തരത്തിൽ കോളേജ് വിദ്യാർഥികളെ എറണാകുളം ഗവണ്മെന്റ് ആസ്പത്രിയുടെ ക്യാൻസർ വാർഡിലും അഗതികളുടെ വാർഡിലുമൊക്കെ കൊണ്ട് ചെന്ന് ഒരു ദിവസം അവിടെ ചിലവഴിച്ചതിന് ശേഷം വൈകിട്ട് ഒരുമിച്ചു കൂടി അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ പലരും പൊട്ടിക്കരയുന്നത് കാണാനിടയായിട്ടുണ്ട്. "ഇപ്പോളുള്ള ഫോൺ മാറ്റി ആപ്പിളിന്റെ ഫോൺ വാങ്ങിത്തരാത്തതിന് ഒരാഴ്ചയായി അപ്പനോട് പിണങ്ങിയിരിക്കയായിരുന്നു. ക്യാൻസർ വാർഡിലെ രോഗികളുടെ കൂടെ ഒരു ദിവസം ചിലവഴിച്ചതോടെ എന്റെ പരാതി മാറി. അപ്പനെ അവിടെ വച്ചു തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചു" ഒരു ആൺകുട്ടി പറഞ്ഞത് ഓർക്കുന്നു. "ഞാൻ എന്റെ മാതാപിതാക്കളെ മരണം വരെ കൂടെ നിർത്തി സംരക്ഷിക്കും. അവരെ തനിച്ചാക്കി എനിക്ക് ഒന്നും നേടേണ്ട" . മക്കൾ ഉപേക്ഷിച്ച് അഗതികളുടെ വാർഡിൽ എത്തിയ വൃദ്ധന് ദിവസം മുഴുവൻ കൂട്ട് നിൽക്കാൻ ചുമതലപ്പെടുത്തിയ കുട്ടി അതിനു ശേഷം വിതുമ്പിക്കൊണ്ട് പറഞ്ഞു.
എറണാകുളം നഗരത്തിൽ ഭവന രഹിതരായി അലഞ്ഞു തിരിയുന്ന പുരുഷന്മാരും സ്ത്രീകളുമടങ്ങിയ അറുപതോളം പാവങ്ങളെ ലുലു മാൾ കാണിക്കുന്ന ഒരു പ്രോഗ്രാം സംഘടിപ്പിക്കുകയുണ്ടായി. തിയേറ്ററിൽ അവരോടൊപ്പം സിനിമ കണ്ടും പാരഗൺ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം നൽകിയും മാളിനുള്ളിൽ അവരെ ചുറ്റിക്കാണിക്കാൻ ഓരോരുത്തർക്കുമൊപ്പം ഒരു കോളേജ് വിദ്യാർഥിയുടെയും കൂട്ട് വിട്ടു. കോളേജിന് പരിസരത്തുള്ള വീടുകൾ കയറിയിറങ്ങി പാഴ്‌വസ്തുക്കൾ പെറുക്കി വിറ്റാണ് അതിനുള്ള ഫണ്ട് കുട്ടികൾ സ്വരൂപിച്ചത്. വൈകിട്ട് അവരെ പിരിയുമ്പോൾ കുട്ടികളിൽ പലരുടെയും കണ്ണ് നിറയുന്നത് കണ്ടു. അതേ, നമ്മുടെ കുഞ്ഞുങ്ങളുടെ ഒക്കെ ഉള്ളിൽ നനന്മയുടെ വിത്തുകളുണ്ട്. കരുതലോടെ അത് വളർത്തിയെടുത്താൽ മതി. ബുദ്ധി മാത്രം വളർന്നവരാകാതെ ഹൃദയം കൂടി വളർന്നവരാകട്ടെ നമ്മുടെ മക്കൾ. സൂര്യന് കീഴെയുള്ള ഏതൊരു അറിവും ആരുടേയും സഹായം കൂടാതെ വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ കാലഘട്ടത്തിൽ അറിവിനേക്കാൾ പ്രധാനമായി അവർക്കു നൽകേണ്ടത് തിരിച്ചറിവുകളാണ്. തിരിച്ചറിവുകൾ ഇല്ലാത്ത അറിവുകൾ ഉപകാരത്തിലുപരി ഉപദ്രവമേ ചെയ്യൂ. മാതാപിതാക്കന്മാരെ വൃദ്ധ മന്ദിരങ്ങളിൽ നട തള്ളുന്നവരും നിസ്സാര കാര്യങ്ങൾക്കു പിണങ്ങി വിവാഹ മോചനം തേടുന്നവരുമൊക്കെ അറിവ് കുറഞ്ഞവരേക്കാളേറെ അറിവ് കൂടുതലുള്ളവരാണെന്നതാണ് യാഥാർഥ്യം. ലോക സമാധാനത്തിനു തന്നെ ഭീഷണിയുയർത്തുന്ന തീവ്രവാദി ഗ്രൂപ്പുകളുടെ നേതാക്കന്മാരും സ്വന്തം കാര്യലാഭത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത കുതന്ത്ര ശാലികളായ ചില രാഷ്ട്രീയ നേതാക്കന്മാരും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ മാനം വിറ്റ് കാശാക്കുന്നവരുമൊന്നും വിദ്യാഭ്യാസമില്ലാത്തവരോ അറിവ് കുറഞ്ഞവരോ അല്ലല്ലോ.
കുഞ്ഞുങ്ങളോടും ചിലത് ഓർമ്മപ്പെടുത്താനുണ്ട്. പലർക്കും ജീവിതത്തോട് ഒത്തിരി പരാതികളുണ്ട്. ആരും പ്രോത്സാഹിപ്പിക്കുന്നില്ല, മനസ്സിലാക്കുന്നില്ല, കുടുംബം സാമ്പത്തികമായി പിന്നോക്കമാണ്, വീട്ടിൽ സമാധാനമില്ല, മറ്റു കുട്ടികൾക്കുള്ളത് പോലെയുള്ള അവസരങ്ങൾ ലഭിക്കുന്നില്ല...എന്നിങ്ങനെ. ശരിയാണ്, എല്ലാവർക്കും ജീവിതം ഒരേ തരത്തിലുള്ള അവസരങ്ങളും സാഹചര്യങ്ങളും നൽകിയെന്ന് വരില്ല. ചിലർ ക്ലേശകരമായ ബാല്യത്തിലൂടെയും കൗമാരത്തിലൂടെയുമൊക്കെ കടന്നു പോകേണ്ടതുണ്ട്. എന്നാൽ, ഒന്നോർക്കണം. ഇത്തരം പ്രതിസന്ധികളിൽ തളർന്നിരിക്കാതെ, ആരെയും പഴി ചാരാതെ വളരാനുള്ള നല്ല അവസരമാക്കി മാറ്റാൻ കഴിയണം. ആരും ചുവട്ടിൽ വെള്ളമൊഴിച്ചു തരാനില്ലേ? എങ്കിൽ അത് ഒരു വട വൃക്ഷമായി രൂപാന്തരപ്പെടാനുള്ള സുവർണ്ണാവസരമാക്കിത്തീർക്കണം . പ്രതികൂലങ്ങൾ ഒരാളുടെ കാതൽ കരുത്തുള്ളതാക്കും. ഭാവിയിൽ ഏതു സാഹചര്യങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ അത് സഹായകമാകും. പരിശോധിച്ച് നോക്കിയാൽ ലോകത്തിൽ തങ്ങളുടെ ചരിത്രം അവിസ്മരണീയമാക്കിയ മിക്കവാറും ആളുകൾ ഇത്തരത്തിൽ നന്നേ ചെറുപ്പത്തിൽതന്നെ ആഴത്തിൽ വേരോടിച്ച് സ്വയം വെള്ളവും വളവും കണ്ടെത്തി വളരേണ്ടി വന്നവരാണ്. അബ്രഹാം ലിങ്കൺ, സ്റ്റീവ് ജോബ്സ്, ബരാക് ഒബാമ, എ. പി. ജെ. അബ്‌ദുൾ കലാം, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിങ്ങനെ സുഖകരമായ കുട്ടിക്കാലം ഇല്ലാതിരുന്ന എത്രയോ പേരുടെ ജീവിത കഥകൾ നമുക്ക് മുന്നിലുണ്ട്. അല്ലെങ്കിൽത്തന്നെ മുൻ തലമുറയിൽ എത്രപേർക്കുണ്ടായിരുന്നു ഇന്നുള്ളതുപോലെ അല്ലലറിയാത്ത ബാല്യം! നിങ്ങൾ എവിടെ എങ്ങനെ തുടങ്ങി എന്നതല്ല എവിടെ എത്തിച്ചേർന്നു എന്നതാണ് പ്രധാനം.
നല്ല ഗ്രന്ഥങ്ങളിൽ നിന്നാണ് ഏറ്റവുമധികം വെള്ളവും വളവും ഒരാൾ ചെറുപ്പത്തിൽ സ്വീകരിക്കേണ്ടത്. വട വൃക്ഷങ്ങളായി പിന്നീട് മാറിയ സകലരും നല്ല വായനാ ശീലം ഉള്ളവരായിരുന്നു. എന്നാൽ, ഇന്ന് നവ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ വായനാശീലം നന്നേ കുറഞ്ഞിട്ടുണ്ട്. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വീഡിയോ ഗെയിമുകളിലും സമയം ചിലവഴിക്കാനാണ് പുതു തലമുറയ്ക്ക് ഏറെ ഇഷ്ടമെന്നു തോന്നുന്നു. ഒരു പുസ്തകം മുഴുവൻ ഇരുന്നു വായിച്ച് തീർക്കാനുള്ള ക്ഷമയൊന്നും ആർക്കും തന്നെയില്ല. യു ട്യൂബിലും മറ്റും ഏറ്റവുമധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള ചാനലുകളും ഏറ്റവും വ്യൂവേഴ്സ് ഉള്ള വീഡിയോകളും വ്യക്തിത്വ വികാസത്തിനോ അറിവ് സമ്പാദിക്കുന്നതിനോ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യാത്തവയാണെന്നാണ് കൗതുകകരം. മറ്റുള്ളവരെ "റോസ്റ്റ്" ചെയ്യുന്നതിലാണ് ഇപ്പോൾ കുറേയാളുകൾക്ക് കമ്പം. ആരെയെങ്കിലുമൊക്കെ ട്രോളിയും താഴ്ത്തിക്കെട്ടിയും പരസ്പരം സോഷ്യൽ മീഡിയയിലൂടെ ചെളിവാരിയെറിഞ്ഞും രസിക്കലാണ് ന്യൂ ജെൻ വിനോദങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. അശ്ലീലം കലർന്ന ദ്വയാർത്ഥ പ്രയോഗമുള്ള കോമഡികളും ട്രോളുകളും ഉണ്ടാക്കുകയും കാണുകയും ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്ത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കളയുന്ന ഒരു തലമുറ വളർന്നു വരുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. അത്തരത്തിൽ യു ട്യൂബ് ചാനലിലും സോഷ്യൽ മീഡിയകളിലും വ്യൂവേഴ്‌സിനെ നേടി എളുപ്പത്തിൽ പണമുണ്ടാക്കാനാണ് കുറേയാളുകളുടെ ശ്രമം. ഉദ്വേഗജനകവും ലൈംഗിക ചുവയുള്ളതുമൊക്കെയായ തലക്കെട്ടുകൾ കൊടുത്ത് ആളുകളെ തങ്ങളുടെ പോസ്റ്റുകളിലേക്ക് ആകർഷിച്ച് വരുമാനമുണ്ടാക്കുന്ന ഓൺ ലൈൻ മാധ്യമങ്ങളും ചെയ്യുന്നത് മറ്റൊന്നല്ലല്ലോ. യാതൊരു ധാർമ്മികതയുമില്ലാതെ മറ്റുള്ളവരുടെ പേരും ഫോട്ടോകളും വച്ച് ഇക്കിളിപ്പെടുത്തുന്ന കഥകൾ മെനഞ്ഞു വിറ്റു കാശാക്കുന്ന നവ മാധ്യമങ്ങൾ ഒരു തലമുറയുടെ മൂല്യ ബോധത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണ്. ആർക്കും ആരെക്കുറിച്ചും എന്തും പറയാനും താറടിക്കാനുമുള്ള വേദിയായി തരം താഴുന്നുണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ. ഇങ്ങനെ തായ് വേരില്ലാതെയുള്ള ഏതു വർച്ചയും സമ്പാദ്യങ്ങളും പിന്നീട് പതനത്തിലേക്ക് നയിക്കും.
ബൗദ്ധിക പക്വതയ്ക്കൊപ്പം(I Q) വൈകാരിക പക്വതയിലും (E Q) ആത്മീയ പക്വതയിലും (S Q) ആഴത്തിൽ വേരോടി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരട്ടെ. പ്രതിസന്ധികളിൽ പെട്ടന്ന് വാടിത്തളരാതെ, മാന നഷ്ടം, ധന നഷ്ടം, രോഗങ്ങൾ, അപകടങ്ങൾ, തെറ്റിദ്ധാരണകൾ ഇങ്ങനെയുള്ള ജീവിതത്തിന്റെ ഏത് പരുപരുത്ത യാഥാർഥ്യങ്ങളെയും ആത്മ വിശ്വാസത്തോടെ നേരിടുവാനും കൊടുങ്കാറ്റുകളെ മറികടക്കുവാനും അവരെ പരിശീലിപ്പിക്കാം. അതിന് അവർക്ക് സാധിക്കാതെ വരുന്നെങ്കിൽ ജീവിതത്തിന്റെ മൃദു ഭാവങ്ങൾ മാത്രം പരിചയപ്പെടുത്തി അവരെ വളർത്തിക്കൊണ്ടു വരുന്ന മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവുമൊക്കെ ഉത്തരവാദികളാണ്.
ഫാ. സാബു തോമസ്
അസ്സിസ്റ്റന്റ് പ്രൊഫസ്സർ,
S. H. കോളേജ് തേവര
achan.sabu@gmail.com