Monday 22 June 2020

ജയിക്കുന്നത്‌ മാത്രല്ല വിജയം- ഫാ. സാബു തോമസ് , S.H. കോളേജ് തേവര

  
രു ഒളിമ്പിക്സ് മെഡലിസ്റ്റിനെ ഓടി തോൽപ്പിക്കാൻ  അവസരം കിട്ടിയെന്നു കരുതുക. നിങ്ങൾ എന്ത് ചെയ്യും? അതും ഫിനിഷിങ് ലൈനിനു മീറ്ററുകൾ മാത്രമുള്ളപ്പോൾ മത്സരം കഴിഞ്ഞെന്നു കരുതി അബദ്ധത്തിൽ അയാൾ ഓട്ടം നിർത്തിയാൽ! മറ്റാരാണെങ്കിലും കിട്ടിയ ചാൻസ് മുതലെടുത്ത് അയാളെ മറികടന്നു ജേതാവാകും. എന്നാൽ, ജയിക്കുന്നത് മാത്രമല്ല വിജയം എന്ന് ബോധ്യമുള്ള ഒരാൾ അങ്ങനെ ചെയ്തുവെന്ന് വരില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ വർഷങ്ങൾ പിന്നിട്ടിട്ടും അയാളെ ലോകം ഇങ്ങനെ അനുസ്മരിക്കുമായിരുന്നില്ല.

2012 ലെ ലണ്ടൻ ഒളിമ്പിക്സിനു ശേഷം ഡിസംബറിൽ സ്പെയിനിൽ  പാംപ്ലോണയിലെ  നവാരെ എന്ന എന്ന സ്‌ഥലത്ത്‌ വച്ച് ഒരു മാരത്തോൺ മത്സരം നടക്കുകയാണ്. കാളപ്പോരുകൾക്കും തക്കാളിയേറ് മത്സരങ്ങൾക്കും പ്രശസ്തമാണ്   പാംപ്ലോണ. ലോകപ്രശസ്തരായ ദീർഘദൂര ഓട്ടക്കാർ പങ്കെടുക്കുന്ന വാശിയേറിയ മത്സരമാണ്  പാംപ്ലോണ മാരത്തോൺ. വിജയികളെ കാത്തിരിക്കുന്നത് കൊതിപ്പിക്കുന്ന സമ്മാനത്തുകയും ഭാവിയിലേക്കുള്ള അവസരങ്ങളുമാണ്. ആ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ കെനിയക്കാരൻ ആബേൽ മുട്ടായ്‌ എത്തിയിട്ടുണ്ട് എന്നത് മത്സരത്തിന് ആവേശം കൂട്ടി. അതുകൊണ്ടുതന്നെ ഫിനിഷിങ് വേദിയായ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു കാണികളുണ്ട്. അല്ലെങ്കിൽത്തന്നെ സ്പെയിൻകാർക്ക് മാരത്തോൺ മത്സരങ്ങളോട് വല്ലാത്ത കമ്പമുണ്ട് താനും.

മത്സരം തുടങ്ങി. അത്‌ലറ്റുകൾ വാശിയേറിയ  പോരാട്ടത്തിലാണ്. ദീർഘദൂര ഓട്ടമാണ്. തങ്ങളുടെ കരിയറിലെ മികച്ച സമയം കുറിക്കണം. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കണം. ഇതിൽ കുറഞ്ഞ ഒരു ലക്ഷ്യവും ആർക്കും ഉണ്ടാവില്ലല്ലോ. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പാതയിലൂടെ മത്സരം പുരോഗമിച്ചു. വഴിയിലെങ്ങും  തങ്ങളുടെ രാജ്യത്തിന്റെ പതാകകൾ വീശി ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ  ആരാധകരേറെയുണ്ട്. ഏറ്റവും മുന്നിൽ ഓടിക്കൊണ്ടിരുന്ന താരങ്ങൾ മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ ഫിനിഷിങ് വേദിയായ സ്റ്റേഡിയത്തിൽ പ്രവേശിച്ചു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഒളിമ്പ്യൻ ആബേൽ മുട്ടായ് തന്നെയാണ് മറ്റുള്ളവരെ മീറ്ററുകൾ പിന്തള്ളി ഏറ്റവും മുന്നിൽ കുതിക്കുന്നത്‌. അവസാന നിമിഷങ്ങൾ   ശേഷിക്കുന്ന മുഴുവൻ കരുത്തും കാലുകളിൽ ആവാഹിച്ച് സ്പ്രിന്റ് അടിക്കാനുള്ളതാണ്. എന്നാൽ കാണികൾ കണ്ടത് മറ്റൊന്നാണ്. ഫിനിഷിങ് ലൈനിനു വെറും പത്ത് മീറ്റർ മാത്രം ശേഷിക്കെ ആബേൽ ഓട്ടം നിർത്തി എളിയ്ക്ക് കയ്യും കൊടുത്തു നടന്നു വരികയാണ്. എന്ത് മണ്ടത്തരമാണ് അയാളീ കാണിക്കുന്നത്! കാണികൾ ആശ്ചര്യപ്പെട്ടു. അയാളുടെ ശരീര ഭാഷയിൽ നിന്ന് എന്താണ് സംഭവിക്കുന്നതെന്ന് ആളുകൾക്ക് മനസ്സിലായി. താൻ ഫിനിഷിങ് ലൈൻ പിന്നിട്ടു എന്ന് ആബേൽ തെറ്റിദ്ധരിച്ചിരിക്കയാണ്. ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി എന്ന മട്ടിൽ  അയാൾ വിജയ സ്മിതം തൂകുന്നുമുണ്ട്. "മുന്നോട്ടു പോകൂ...മത്‌സരം തീർന്നിട്ടില്ല" കാണികളിൽ ചിലർ അയാളോട് വിളിച്ച് പറഞ്ഞു. എന്നാൽ, സ്പാനിഷ് ഭാഷ അറിയാത്ത ആബേൽ മുട്ടായ് അവർ തന്നെ അഭിനന്ദിച്ച് എന്തോ പറയുന്നതാണെന്നു കരുതി അത് ശ്രദ്ധിച്ചതേയില്ല. അപ്പോഴാണ് അത് സംഭവിച്ചത്. രണ്ടാം സ്‌ഥാനക്കാരനായി ഫിനിഷ് ചെയ്യേണ്ട സ്പാനിഷ് താരം ഇവാൻ ഫെർണാണ്ടസ് ഓടി ആബേലിനരികിലെത്തി. അയാളെ മറികടന്നു ഫിനിഷിങ് ലൈനിലേക്ക് കുതിച്ച് സ്വർണ്ണമെഡൽ കരസ്‌ഥമാക്കാനോങ്ങിയ അയാൾ പെട്ടന്ന് നിന്നു. തന്റെ എതിരാളിക്ക് പറ്റിയ അബദ്ധം അയാൾക്ക് മനസ്സിലായി. "ചങ്ങാതീ, ഫിനിഷിങ് ലൈൻ മുന്നിലാണ്" അയാൾ പറഞ്ഞു. എന്നാൽ, തന്റെ ഭാഷ ആബേലിന് മനസ്സിലാകുന്നില്ലെന്നു കണ്ട ഇവാൻ മറ്റ് ഓട്ടക്കാർ പാഞ്ഞു വരുന്നത് കണ്ട് അയാളെ പിന്നിൽ നിന്ന് തള്ളി തളളി മുന്നോട്ടു നയിച്ചു ഫിനിഷിങ് ലൈൻ കടത്തി. അപ്പോഴാണ് തനിക്കു പറ്റിയ അമളി ആബേൽ തിരിച്ചറിഞ്ഞത്. കണ്ണുകൾ നിറഞ്ഞു നന്ദി പൂർവ്വം തന്റെ പിന്നിൽ ഫിനിഷ് ചെയ്യുന്ന  ഇവാനെ നോക്കി അയാൾ കരങ്ങൾ കൂപ്പി. അത്യപൂർവ്വമായ ഈ രംഗം കണ്ടു സ്റ്റേഡിയം മുഴുവൻ കോരിത്തരിച്ചു.

മത്സരത്തിന് ശേഷം സ്പാനിഷ് പത്രമായ 'എൽ പായിസ്' ഇവാൻ ഫെർണാണ്ടസുമായി അഭിമുഖം നടത്തി. "താങ്കൾ എന്താണ് അങ്ങനെ ചെയ്തത്? ഒരു ഒളിമ്പിക്സ് വിജയിയെ പരാജയപ്പെടുത്തി ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കുകയെന്നത് താങ്കളുടെ കരിയറിലെ ഒരു പൊൻ കിരീടം ആകുമായിരുന്നില്ലേ? താങ്കൾ ചെയ്തത് മണ്ടത്തരമല്ലേ" ? "ഒരിക്കലുമല്ല, അത് അയാൾക്ക് അർഹതപ്പെട്ട മെഡലാണ്. ശരിയാണ്, ഞാൻ അവസരം മുതലാക്കി അയാളെ മറികടന്നിരുന്നുവെങ്കിൽ ജേതാവായേനെ. എന്നാൽ, ആ മെഡൽ എനിക്ക് സമാധാനം തരുമെന്ന് കരുതുന്നുണ്ടോ? ജയത്തേക്കാൾ പ്രധാനമായി മറ്റു ചിലതുണ്ട് ചങ്ങാതീ". ഇവാൻ പറഞ്ഞു. ഒന്നാം സ്‌ഥാനത്തെത്തിയിരുന്നെങ്കിൽ എന്നതിനേക്കാൾ അഭിനന്ദനങ്ങൾ അയാൾക്ക് രാജ്യമെമ്പാടും നിന്ന് കിട്ടി. ടെലിവിഷൻ സ്‌ക്രീനിൽ ഈ രംഗങ്ങൾ  കണ്ട അനേകർ പ്രചോദിതരായി.  ഗോൾഡ് മെഡൽ കിട്ടിയിരുന്നുവെങ്കിൽ അയാൾ കേവലം ഒരു വിജയി മാത്രമേ ആകുമായിരുന്നുള്ളു.എന്നാൽ, ഇപ്പോൾ അയാൾ ഒരു ഹീറോ ആയി.

മറ്റൊരു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ താൻ ആ സമയത്ത് അങ്ങനെ ചെയ്തതിനെക്കുറിച്ച് ഇവാൻ പറഞ്ഞത് കൂടുതൽ ശ്രദ്ധേയമായി. "ആബേലിനെ ഓടി മറികടക്കാനൊരുങ്ങിയപ്പോൾ എന്നെ പിടിച്ച് നിർത്തിയത് സത്യത്തിൽ ഈ ചിന്തയാണ്. 'ഞാനങ്ങനെ ചെയ്‌താൽ എന്റെ അമ്മ എന്നെക്കുറിച്ച് എന്ത് വിചാരിക്കും'! നിശ്ചയമായും അങ്ങനെ നേടിയ ഗോൾഡ് മെഡൽ അമ്മയെ സന്തോഷിപ്പിക്കാൻ ഇടയില്ല".

ലോക മാരത്തോൺ ചാമ്പ്യൻ പട്ടം നേടിയിട്ടുള്ള മാർട്ടിൻ ഫിസ് ആയിരുന്നു ഇവാന്റെ പരിശീലകൻ. മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: "ശരിയാണ്, ഇവാന്റെ കോച്ച് എന്ന നിലയ്ക്ക് കരിയറിലെ ഒരു സുവർണ്ണാവസരം അവൻ  പാഴാക്കിയതിൽ എനിക്ക് ഇച്ഛാഭംഗമുണ്ട്. ഒരു പക്ഷേ, അവന്റെ സ്‌ഥാനത്ത്‌ ഞാനായൊരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല. എന്നാൽ, കേവലം ഒരു മെഡൽ നേടുന്നതിലപ്പുറം മൂല്യമുള്ളതാണ് സത്യസന്ധത എന്ന് അവൻ തെളിയിച്ചത് കണ്ടപ്പോൾ സത്യത്തിൽ എന്റെ ശിഷ്യനെയോർത്ത് അവൻ ഗോൾഡ് മെഡൽ നേടിയാലെന്നതിനേക്കാൾ എനിക്ക് അഭിമാനം തോന്നുന്നു".


പിന്നീടൊരിക്കൽ ഇവാൻ തന്റെ ട്വിറ്ററിൽ കുറിച്ചതിങ്ങനെയാണ്: "പുറകോട്ടു നോക്കുമ്പോൾ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. അന്ന് അയാളെ മറികടന്നു പോയിരുന്നെങ്കിൽ നിരന്തരം  മനസാക്ഷി എന്നെ കുറ്റപ്പെടുത്തിയേനെ. എന്നാൽ സത്യത്തിൽ, വിജയിയായാൽ എന്നതിനേക്കാൾ പ്രശസ്തി അങ്ങനെ  ചെയ്തതുകൊണ്ട് എനിക്കുണ്ടായി എന്ന് തോന്നുന്നു. ലോകമെമ്പാടും നിന്ന് പലരും വിളിച്ച് അഭിനന്ദിക്കുകയുണ്ടായി. പലയിടത്തും ഞാൻ ചെയ്തത് വാർത്തയായി.  ജീവിതത്തിൽ സത്യസന്ധരാകാനും മറ്റുള്ളവരെകൂടി പരിഗണിക്കാനും ഇത് പ്രചോദനമായി എന്ന് കുറേയാളുകൾ  എന്നോട് പറഞ്ഞു. സ്പോർട്സിൽ മാത്രമല്ല,  പരീക്ഷകളിലും രാഷ്ട്രീയത്തിലും ബിസിനസ്സിലും ജീവിതത്തിന്റെ പല വേദികളിലും വിജയിക്കാനും ഒന്നാമതെത്താനും ആളുകൾ ഏതു കുതന്ത്രവും പയറ്റുന്ന ഈ കാലത്ത് സത്യസന്ധരാകാൻ കുറച്ചു  പേരെയെങ്കിലും പ്രചോദിപ്പിക്കാനായെന്നറിയുന്നതിൽ സന്തോഷമുണ്ട്".

സുഹൃത്തേ, മനസാക്ഷി കുറ്റപ്പെടുത്താതെ ജീവിക്കാനാകുകയാണ് ഏറ്റവും വലിയ ഭാഗ്യം. ആയിരം സ്വർണ്ണമെഡലുകൾക്ക് തരാനാവാത്ത ജീവിത സംതൃപ്തി തരുമത്. ഒരു പ്രവൃത്തി ചെയ്യണമോ വേണ്ടയോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ശരിയായ ഒരു തീരുമാനമെടുക്കാൻ ഇവാൻ പറഞ്ഞത് ഓർക്കുന്നത് ഒരു പക്ഷേ സഹായിക്കും "ഞാൻ ഇങ്ങനെ ചെയ്താൽ എന്റെ അമ്മ എന്നെ കുറിച്ച് എന്ത് കരുതും"? . ഇത്തരമൊരു പരിചിന്തനത്തിനു ശേഷം എടുക്കുന്ന തീരുമാനം നിങ്ങൾക്ക് പിന്നീട് മനഃക്ലേശത്തിന് കാരണമാകാനിടയില്ല. മാതാപിതാക്കന്മാരുമാറിയണം, കുടുംബത്തിൽ നിന്ന്  പകർന്നു നൽകുന്ന മൂല്യങ്ങളാണ്, നിങ്ങളുടെ ചില വാക്കുകളും സന്മാതൃകകളുമാണ് പിന്നീട് ജീവിതത്തിൽ ചില പ്രതിസന്ധി ഘട്ടങ്ങളിലോ നന്മ തിന്മകൾ തമ്മിൽ ആന്തരിക സംഘർഷം  ഉണ്ടാകുമ്പോഴോ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മക്കൾക്ക് തുണയാകുന്നത്. അവരെ ബുദ്ധി കൊണ്ട് മാത്രം ചിന്തിക്കുന്നവരാക്കി വളർത്തിക്കൊണ്ടു വരാതെ ഹൃദയം കൊണ്ട് കൂടി ചിന്തിക്കാൻ പരിശീലിപ്പിക്കണം. നിങ്ങൾ അവരെക്കുറിച്ച് യാഥാർഥത്തിൽ അഭിമാനം കൊള്ളുന്നത് കേവല  നേട്ടങ്ങളിലുപരി സ്വഭാവമഹിമയിലാണെന്ന് അവരറിഞ്ഞു വളരട്ടെ.

അതേ, വിജയിയാകുകയല്ല ഹീറോ ആകുകയാണ് പ്രധാനം. ജീവിതമൂല്യങ്ങളാണ് ഒരാളെ ഹീറോ ആക്കുന്നത്. വിജയിക്ക് കേവലം മെഡലുകൾ മാത്രം സമ്പാദിക്കാനാകുമ്പോൾ  ഹീറോ കീഴടക്കുന്നത് ഹൃദയങ്ങളെയാണ്. ലോകം ഇന്നോളം നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുള്ളതൊക്കെ വിജയികളെയല്ല, വിജയിക്കാമായിരുന്നിട്ടും മറ്റുള്ളവർക്ക് വേണ്ടി തോറ്റു കൊടുക്കാൻ ധൈര്യം കാണിച്ചവരെയാണ്. അവർ തോറ്റവരെന്ന്  താൽക്കാലികമായി വിലയിരുത്തപ്പെട്ടേക്കാം. എന്നാൽ, സത്യത്തിൽ അവരാണ് അന്തിമ വിജയികൾ. അവർ  കൊളുത്തുന്ന വെളിച്ചം അനേകർക്ക്  പ്രകാശമാകുന്നു, തലമുറകൾക്ക് പ്രചോദനമാകുന്നു, ജീവിതം അനശ്വരമാകുന്നു.

2 comments:

  1. Very inspiring, father. During these highly competitive times when people , especially students have nothing but success in their minds and wish to attain it by hook or crook, Evan Fernandez is truly an inspiration. His experience tells us that there is much to this life than just attaining success. Being a good human being and having strong moral values and staying true to them are far more important than winning a race or attaining a temporary success. I hope this story will inspire countless others just how it inspired me.

    ReplyDelete
  2. Truly inspiring and thought provoking...definitely pushes the boundaries..healing the mind which is scarred by selfish ambitions and jealousy��

    ReplyDelete